sudhakaran

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ ആയിരം കോടിയുടെ കൊള്ളയെപ്പറ്റി സ്വതന്ത്ര ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ സഹകരണ ജനാധിപത്യ വേദി സംഘടിപ്പിച്ച രാജ്ഭവൻ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

500 കോടി നിക്ഷേപമുള്ള കരുവന്നൂർ സഹകരണബാങ്കിൽ 1000 കോടിയിലധികം രൂപയാണ് തിരിമറി നടത്തിയത്. ബാങ്കിന് പ്രത്യേകമായുള്ള കൺകറന്റ് ആഡിറ്റർ പരിശോധിക്കുന്നിടത്താണ് തിരിമറി നടത്തിയത്. സി.പി.എം നേതൃത്വത്തിന്റെ അറിവോടെ ഉദ്യോഗസ്ഥർ നടത്തിയ സംഘടിതമായ കൊള്ളയാണിതെന്നും സുധാകരൻ പറഞ്ഞു.

സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,രമേശ് ചെന്നിത്തല, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എം. വിൻസന്റ് എം.എൽ.എ എന്നിവർ സംസാരിച്ചു.