dewasam-board

തിരുവനന്തപുരം: ദേവസ്വം ബോർഡ് മേൽശാന്തി നിയമനത്തിൽ കാണിക്കുന്ന അയിത്തം സാക്ഷര കേരളത്തിന് അപമാനകരമാണെന്ന് ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു.

തന്ത്ര-മന്ത്ര-പൂജാവിധികൾ പഠിച്ച ഹിന്ദുക്കളെ വിവേചനമില്ലാതെ ശബരിമലയിൽ മേൽശാന്തിമാരായി നിയമിക്കുക, ദേവസ്വം ബോർഡിന്റെ ജാതി വിവേചനം അവസാനിപ്പിക്കുക, സാമൂഹിക നീതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതി വിവേചനത്തിന് വെള്ളവും വളവും നൽകുന്ന ദേവസ്വം ബോർഡ് നീതി നിഷേധത്തിനെതിരെ കണ്ണടയ്ക്കുന്നത് പിന്നാക്ക-ദളിത് വിഭാഗങ്ങളോടുള്ള അവഗണയാണ്. ഇതിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. സിനിൽ മുണ്ടപ്പള്ളി, എ.എൻ. അനുരാഗ് കൊല്ലംങ്കോട്, അഡ്വ. സംഗീതാ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ ചാലക്കുടി, പച്ചയിൽ സന്ദീപ്, സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ എന്നിവർ മുഖ്യ സന്ദേശം നൽകി. വിപിൻരാജ്, പരുത്തിപ്പള്ളി സുരേന്ദ്രൻ, ആലുവിള അജിത്, കിരൺ ചന്ദ്രൻ, അരുൺകുമാർ, ജ്യോതി കുളത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.