apakadathilpetta-ksrtc-bu

കല്ലമ്പലം: ദേശീയ പാതയിൽ കല്ലമ്പലം ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ടിപ്പർ ലോറിയിൽ ഇടിച്ച് 30 പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ വശം തകർന്നതിനാൽ ഉള്ളിൽ കുടുങ്ങിയ ഡ്രൈവർ ആലപ്പുഴ മനു നിവാസിൽ മനോജിനെ (56) നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. കാലിന് സാരമായി പരിക്കേറ്റ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലെ യാത്രക്കാരായ കൊട്ടിയം സ്വദേശി ഫാത്തിമ, പാപ്പനംകോട് സ്വദേശി സുലൈഖ ബീവി, കൊല്ലം സ്വദേശി അംജിത്, മയ്യനാട് സ്വദേശി ടിക്കു അരവിന്ദ്, ചവറ സ്വദേശികളായ വിനോദ്, റിഷിക, രേവതി, നജീബ്, അനഘ ബാബു, ഹരിപ്പാട് സ്വദേശി പ്രദീപ്, പുളിയറകോണം സ്വദേശികളായ ആമിന, ബീന ബീഗം, ആലപ്പുഴ സ്വദേശികളായ ഗോപിക, പ്രകാശ്, നൂറനാട് സ്വദേശികളായ അജിതകുമാരി, ബിനു, കാരംകോട് സ്വദേശി ഷിബു സക്കറിയ, കണ്ണനല്ലൂർ സ്വദേശി ബഷീർ, ഓച്ചിറ സ്വദേശി വർഷ രാജൻ, മാവേലിക്കര സ്വദേശി ഷൈൻ, കാര്യവട്ടം സ്വദേശി സതീഷ്‌ കുമാർ, പുത്തൻപാലം സ്വദേശി അർച്ചന, ചാത്തന്നൂർ സ്വദേശി ഗീതിക, കടമ്പാട്ടുകോണം സ്വദേശി ദിവ്യ കൃഷ്ണ, കൊല്ലൂരി സ്വദേശി നിത്യാനന്ദൻ, കരുനാഗപ്പള്ളി സ്വദേശികളായ അങ്കിത, അനിഷ്മ, കൊല്ലംകോട് സ്വദേശികളായ സ്റ്റാലിൻ, പാൾട്ട് എന്നിവർക്ക് അപകടത്തിൽ പരിക്കേറ്രു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ് നഗരൂർ റോഡിൽ നിന്ന് മെറ്റലുമായി വരികയായിരുന്ന ടിപ്പറിൽ ഇടിക്കുകയായിരുന്നു. ടിപ്പർ ജംഗ്ഷനിൽ നിന്ന് ആറ്റിങ്ങൽ റോഡിലേക്ക് തിരിയാൻ ശ്രമിക്കുന്നതിനിടെയാണ് അമിത വേഗതയിൽ വന്ന ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കമ്പിയിലും സീറ്റിലും ഇടിച്ചാണ് യാത്രക്കാർക്ക് പരിക്കേറ്റത്. ചിലരുടെ പല്ലുകൾ ഇളകിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കല്ലമ്പലം പൊലീസും ഫയർഫോഴ്സും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്. തുടർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങളും റോഡിൽ വീണ മെറ്റലും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.