fund

തിരുവനന്തപുരം: പട്ടികജാതിക്കാരുടെ വിവാഹത്തിനും പഠനത്തിനും നൽകുന്ന ധനസഹായം തട്ടിയെടുത്ത തിരുവനന്തപുരം കോർപറേഷനിലെ പട്ടികജാതി വികസന ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് പണം തിരിച്ചുപിടിക്കാൻ പട്ടികജാതി, പട്ടികവർഗ ഗോത്രവർഗ കമ്മിഷൻ ഉത്തരവിട്ടു. അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിൽ പണം നൽകുന്നതിന് പകരം ഉദ്യോഗസ്ഥർ തങ്ങളുടെ ബന്ധുക്കളുടെ അക്കൗണ്ട് നമ്പർ എഴുതിച്ചേർത്ത് നടത്തിയ തട്ടിപ്പിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പട്ടികജാതി വികസന ഓഫീസറും നഗരസഭാ സെക്രട്ടറിയും കന്റോൺമെന്റ് പൊലീസ് അസി.കമ്മിഷണറും കമ്മിഷനിൽ ഹാജരായി റിപ്പോർട്ട് സമർപ്പിച്ചു.

വിവിധ പദ്ധതികളിലായി 76.47ലക്ഷത്തിന്റെ തട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയത്. പട്ടികജാതി, പട്ടികവർഗ്ഗ വികസന ഓഫീസുകളിൽ നിന്ന് കഴിഞ്ഞ അഞ്ചുവ‌ർഷം അനുവദിച്ച സഹായം ഗുണഭോക്താക്കൾക്ക് തന്നെ ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘങ്ങളെ ജില്ലാതലത്തിൽ നിയോഗിക്കാൻ ഡയറക്ടർക്ക് നിർദ്ദേശം നൽകി. ഗുണഭോക്താക്കൾക്ക് അനുവദിച്ച തുക ലഭിച്ചിട്ടില്ലെങ്കിൽ ഉടനടി അവർക്ക് പണം ലഭ്യമാക്കാനും കമ്മിഷൻ നിർദ്ദേശിച്ചു.