psc

തിരുവനന്തപുരം:പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന നിലപാട് മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് വീണ്ടും സമരത്തിനൊരുങ്ങുകയാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ. ആൾ കേരള ടീച്ചേഴ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനും സമരത്തിനിറങ്ങുകയാണ്.

തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന സമരം ഒത്തുതീർപ്പാക്കാനായി നടന്ന ചർച്ചയിൽ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ, റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അനീതിയാണെന്ന് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾ‌ഡർമാർ വ്യക്തമാക്കി. റാങ്ക് ലിസ്റ്റിൽ നിന്ന് ആകെ 14% നിയമനം മാത്രമാണ് നടന്നത്. കൊവിഡ് മാനദണ്ഡം കാരണം സർക്കാർ ഓഫീസുകളിൽ ജീവനക്കാർ വളരെ കുറച്ചുമാത്രം എത്തിയതു കാരണം സർക്കാർ വാഗ്ദാനം ചെയ്തതുപോലെ ഫയലുകളിലെ നടപടികൾ പൂർത്തിയായില്ല. പുതിയ റാങ്ക് ലിസ്റ്റ് അടുത്തൊന്നും വരാത്തതിനാൽ ഇത് ആരുടേയും അവകാശം ഇല്ലാതാക്കുന്നതല്ലെന്നും റാങ്ക് ഹോൾ‌ഡർമാരായ ലയ രാജഷ്, റിജു കെ.കെ, ജിഷ്ണു കെ.നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച മുതൽ സമരത്തിനിറങ്ങാനാണ് തീരുമാനം.

വിവിധ ജില്ലകളിലെ എൽ.പി, യു.പി, എച്ച്. എസ്.എ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾ വ്യാഴാഴ്ച മുതൽ സമരത്തിനിറങ്ങുമെന്ന് ആൾ കേരള ടീച്ചേഴ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ കൺവീനർ അനീഷ് പറഞ്ഞു. കൊവി‌ഡ് കാരണം സ്കൂളുകളിൽ സ്റ്റാഫ് ഫിക്സേഷൻ രണ്ടു വർഷമായി നടന്നിട്ടില്ല. അത് നടന്നാൽ മാത്രമെ ഒഴിവുകൾ വ്യക്തമാകൂവെന്നും അനീഷ് പറഞ്ഞു.