നെയ്യാറ്റിൻകര: സുഹൃത്തുക്കൾ തമ്മിലുള്ള മദ്യപാനത്തിനിടെ യുവാവ് അടിയേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതിയായ കുളത്താമൽ കാട്ടുകുളത്തിൻകര വീട്ടിൽ ശ്രീകുമാറിനെ (ലാലു) നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു. വെള്ളംകൊള്ളി തോവോട്ടുകോണം ശാന്താസദനത്തിൽ ശാന്തകുമാ‌റാണ് (42) മദ്യപാനത്തിനിടെ അടിയേറ്റ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. മദ്യപാനത്തിനിടെ ശ്രീകുമാറിന്റെ ബൈക്ക് അടിച്ച് നശിപ്പിക്കാൻ ശാന്തകുമാ‌‌ർ ശ്രമിച്ചതിനെ തുടർന്ന് തടിക്കഷ്ണം കൊണ്ടുള്ള ശ്രീകുമാറിന്റെ അടിയേറ്റ് മുഖത്തും തലയിലും മാരകമായി പരിക്കേറ്റാണ് ശാന്തകുമാർ കൊല്ലപ്പെട്ടത്. തുടർന്ന് ഒളിവിൽ പോയ പ്രതി കഴിഞ്ഞദിവസം സ്റ്രേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അടിക്കാനുപയോഗിച്ച തടിക്കഷ്ണം കണ്ടെടുത്തു. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയെ കസ്റ്രഡിയിൽ വാങ്ങുമെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു. സംഭവ ദിവസം പ്രതിയോടൊപ്പമുണ്ടായിരുന്ന അനിൽ, ജോസ് എന്നിവർ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുന്നതായി മാരായമുട്ടം സി.ഐ വി. പ്രസാദ് അറിയിച്ചു.