നീലേശ്വരം: ജില്ലയിലെ മൂന്നാമത്തെ നഗരസഭയായ നീലേശ്വരം ആസ്ഥാനമായി താലൂക്ക് വേണമെന്ന ആവശ്യം സി.പി.എം. ഗൗരവമായി പരിഗണിക്കുന്നു. കാലങ്ങളായി ജനങ്ങൾ ഉന്നയിക്കുന്ന ആവശ്യം ഇടത് മുന്നണിയിലെ ഘടകകക്ഷികളായ ഐ.എൻ.എല്ലും കോൺഗ്രസ് എസുമാണ് ഏറ്റെടുത്ത് ചർച്ചയാക്കിയത്. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ ഐ.എൻ.എൽ മന്ത്രിയായ അഹമ്മദ് ദേവർ കോവിലിന് നീലേശ്വരത്തെ ഐ.എൻ.എൽ നേതൃത്വം ഇക്കാര്യമുന്നയിച്ച് മെമ്മോറാണ്ടം കൊടുത്തിരുന്നു. റവന്യുമന്ത്രി പി. രാജന് കോൺഗ്രസ് എസ് ജില്ല പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാറും മെമ്മോറാണ്ടം കൊടുത്തു.
മുന്നണിയിൽ ചർച്ച ചെയ്യാതെ മന്ത്രിക്ക് നേരിട്ട് നിവേദനം കൊടുത്തത് സി.പി.എമ്മിലും സി.പി.ഐയിലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. നീലേശ്വരം ആസ്ഥാനമായി താലൂക്ക് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഐ.എൻ.എല്ലും, കോൺഗ്രസ് എസും രൂപീകരിക്കുന്നതിന് മുമ്പ് തന്നെ നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യമുണ്ട്. 1957ൽ ആദ്യ ഇ.എം.എസ് സർക്കാറിന്റെ കാലത്ത് ഇതിനായി കമ്മീഷനെ നിയോഗിച്ചിരുന്നു. അതിന് ശേഷവും രണ്ടു കമ്മിഷൻ നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.