തിരുവനന്തപുരം: എല്ലാ വില്ലേജ് ഓഫിസുകളും ഏകീകൃത രൂപത്തിൽ സ്മാർട്ട് ഓഫീസുകളാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. പരമാവധി സേവനങ്ങൾ ഇ- സേവനങ്ങളായി ലഭ്യമാക്കാൻ കഴിയുന്നതുമായ സൗകര്യങ്ങളാകും ഈ വില്ലേജ് ഓഫിസുകളിൽ ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന്റെ വിഷൻ ആൻഡ് മിഷൻ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എം.എൽ.എമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വില്ലേജ് ഓഫിസുകളുടെ മുഖച്ഛായ മാറ്റുന്നതിനുള്ള വിശദ പദ്ധതി റവന്യൂ വകുപ്പ് തയാറാക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വില്ലേജ് ഓഫിസറുടെ മുറി, റെക്കാഡ് റൂം, മറ്റു ജീവനക്കാരുടെ സൗകര്യങ്ങൾ തുടങ്ങിയവയ്ക്ക് ഏകീകൃത രൂപം തയാറായിവരികയാണ്. വില്ലേജ് ഓഫിസുകൾക്ക് ഏകീകൃത നിറം നൽകുന്നതിനും ഉദ്ദേശിക്കുന്നുണ്ട്. ഇനിമുതൽ നിർമിക്കുന്ന എല്ലാ വില്ലേജ് ഓഫിസുകളും ഈ മാതൃകയിലാകും പൂർത്തിയാക്കുകയെന്നും മന്ത്രി പറഞ്ഞു.
ഇത് സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പുമായും സംസ്ഥാന നിർമിതി കേന്ദ്രവുമായും സംസാരിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തേണ്ടവ സമയബന്ധിതമായി പൂർത്തിയാക്കും. തിരുവനന്തപുരം ജില്ലയിൽ 15 സ്മാർട്ട് വില്ലേജ് ഓഫിസുകളാണുള്ളത്. 49 എണ്ണത്തിന്റെ നിർമാണം ഉടൻ ആരംഭിക്കാനിരിക്കുകയാണ്. 38 എണ്ണം അറ്റകുറ്റപ്പണി നടത്തി സ്മാർട്ട് ഓഫിസുകളാക്കി മാറ്റാനാകും. 19 ഇടത്ത് പുതിയ കെട്ടിടം നിർമിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജില്ലയിൽ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ എം.എൽ.എമാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഐ.എൽ.ഡി.എമ്മിൽ നടന്ന യോഗത്തിൽ എം.എൽ.എമാരായ വി. ജോയി, ഒ.എസ്. അംബിക, ഡി.കെ. മുരളി, വി.കെ. പ്രശാന്ത്, ജി. സ്റ്റീഫൻ, സി.കെ. ഹരീന്ദ്രൻ, ഐ.ബി. സതീഷ്, എം. വിൻസന്റ്, കെ. ആൻസലൻ, റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ലാൻഡ് റവന്യൂ കമ്മിഷണർ കെ.ബിജു, ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ റവന്യൂ, ഭവനനിർമാണ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.