thadayoonnu

വക്കം: വക്കത്ത് ഡി.സി.സിയിൽ കഴിയുന്ന കൊവിഡ് ബാധിതർക്ക് ഭക്ഷണവും വെള്ളവുമില്ലെന്ന് പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ വക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവച്ചു.

പോരായ്മകൾ കൂടാതെ ഭക്ഷണവും വെള്ളവും നൽകുമെന്നുള്ള സെക്രട്ടറിയുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. ഡിവൈഎഫ് വക്കം മേഖലാ കമ്മിറ്റിയുടെ പ്രസിഡന്റ് എം.എസ്. കിഷോർ, സെക്രട്ടറി എസ്. സജീവ്, ഏരിയാ കമ്മിറ്റിയംഗം വീണാ വിശ്വനാഥൻ, ജിതിൻ പ്രകാശ്, ബോബി, ഷാനവാസ്, ബിനു എന്നിവർ പ്രതിരോധസമരത്തിന് നേതൃത്വം നൽകി. കൊവിഡ് പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും കൊവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്ക് ആഹാരം നല്കുന്നത് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്തോഫീസിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ അറിയിച്ചു.