തിരുവനന്തപുരം: പ്രതിരോധവകുപ്പിന് കീഴിലുള്ള ഓർഡനൻസ് ഫാക്ടറികളെ പൂർണമായും സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ തിങ്കളാഴ്ച മുതൽ നടക്കുന്ന തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ജി.പി.ഒയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടന്നു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് ധർണ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് സ്ഥാപിതമായതും കര, നാവിക, വ്യോമ മേഖലകൾക്കാവശ്യമായ ഉപകരണങ്ങൾ നിർമ്മിച്ചുനല്കുന്നതുമായ തന്ത്രപ്രധാന മേഖലയിലുള്ള 41 ഓർഡനൻസ് ഫാക്ടറികളാണ് സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇവ ഏഴ് കമ്പനികളായി കോർപ്പറേറ്റൈസ് ചെയ്യാനുള്ള സർക്കാർ നീക്കത്തിനെതിരെ നാല് ലക്ഷത്തിലധികം വരുന്ന തൊഴിലാളികൾ സംയുക്തമായി തിങ്കളാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്നാൽ ഈ സമരത്തെ എസൻഷ്യൽ ഡിഫൻസ് സർവീസ് ഓർഡിനൻസ് ആക്ട് പ്രകാരം സർക്കാർ നിരോധിച്ചിരിക്കുകയാണ്. സി.ഐ.ടി.യു നേതാവ് ക്ലൈനസ് റൊസാരിയോ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി നേതാവ് അഡ്വ. ജി. സുബോധൻ, സേവാ നേതാവ് ഷീന ബഷീർ, എ.ഐ.ടി.യു.സി നേതാക്കളായ സുനിൽ മതിലകം, മൈക്കിൾ ബാസ്റ്റിൻ, സി.ഐ.ടി.യു നേതാവ് കെന്നഡി, ജനതാദൾ നേതാവ് ഗബ്രിയേൽ എന്നിവർ സംസാരിച്ചു.