kerala-university

27കോടി ബാധ്യതയെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: കേരള സർവകലാശാലാ ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരണം വിശദമായ പഠനത്തിനായി മാ​റ്റിവയ്ക്കാൻ സിൻഡിക്കേ​റ്റ് യോഗം തീരുമാനിച്ചു.

പതിനൊന്നാം ശമ്പളകമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ സർവകലാശാലകളിലെ പെൻഷനും കുടുംബപെൻഷനും പരിഷ്‌കരിക്കാൻ സർക്കാർ ജൂണിൽ ഉത്തരവിട്ടിരുന്നു. ഇതിന്റെ അധികബാധ്യത സർവകലാശാലകൾ തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയോടെ, പെൻഷൻ പരിഷ്കരണ ഉത്തരവ് കേരള സർവകലാശാല പിൻവലിച്ചു. ഏ​റ്റവും കൂടുതൽ പെൻഷൻകാരുള്ള കേരള സർവകലാശാലയ്ക്ക് 27 കോടിയുടെ അധിക സാമ്പത്തികബാധ്യത ഏ​റ്റെടുക്കാനാവില്ലെന്ന് സിൻഡിക്കേറ്ര് വിലയിരുത്തി.

സർവകലാശാലയിലെ എല്ലാ കരാർ, ദിവസക്കൂലി നിയമങ്ങളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തണമെന്ന എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ നിർദ്ദേശവും വിശദമായ പഠനത്തിന് മാ​റ്റിവച്ചു. ആയിരത്തോളം കരാർ ജീവനക്കാരെ സർവകലാശാല നേരിട്ട് നിയമിച്ചതായി എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു നിർദ്ദേശം. ഓർഡിനൻസിന് വിരുദ്ധമായി സംസ്‌കൃത അധ്യാപികയെ മലയാളം ലക്സിക്കൺ എഡി​റ്ററായി നിയമിച്ച നടപടി പുന:പരിശോധിക്കണമെന്ന് സി.പി.ഐ പ്രതിനിധി എ.അജികുമാറും കോൺഗ്രസ് പ്റതിനിധി ആർ.അരുൺകുമാറും ആവശ്യപ്പെട്ടു. നിയമനം ക്രമ പ്രകാരവും താത്കാലികടിസ്ഥാനത്തിലുമാണെന്നായിരുന്നു വി.സിയുടെ മറുപടി. യുജിസിയുടെ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടത്തും.