1

ശ്രീകാര്യം: രാജ്യത്തെ കാർഷിക വിളകളുടെ ഉത്പാദനച്ചെലവ് കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കാൻ ഇടയാക്കരുതെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രത്തിന്റെ 58-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സി.ടി.സി.ആർ.ഐയുടെ സാങ്കേതിക വിദ്യകളുടെ വാണിജ്യവത്കരണത്തിനുള്ള ധാരണാപത്രം മന്ത്രി നിക്ഷേപകർക്ക് കൈമാറി. ഗവേഷണ സ്ഥാപനത്തിൽ നിന്നുള്ള 8 പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും മികച്ച ജീവനക്കാർക്കുള്ള അവാർഡ് ദാനവും മന്ത്രി നിർവഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 105 പേർ ഓൺലൈനായും 40 പേർ നേരിട്ടും പങ്കെടുത്ത ചടങ്ങിൽ സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ. എം.എൻ. ഷീല അദ്ധ്യക്ഷയായിരുന്നു. ഡോ. എ.കെ. സിംഗ്‌ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. കെ.പി. സുധീർ വിശിഷ്ടാഥിതിയായിരുന്നു. ഡോ. വിക്രമാദിത്യ പാണ്ഡെ, ചെറുവയ്ക്കൽ വാർഡ് കൗൺസിലർ ബിന്ദു. എസ് .ആർ തുടങ്ങിയവർ സംസാരിച്ചു. ഷീല ഇമ്മാനുവേൽ സ്വാഗതവും ഡോ. ജി. ബൈജു നന്ദിയും പറഞ്ഞു.