d

നെടുമങ്ങാട്: പൊതുമരാമത്ത് വകുപ്പിനെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പി.ഡബ്ലു.ഡി ഫോർ യു എന്ന ആപ്പിലൂടെ ലഭിക്കുന്ന പരാതികൾ ജനങ്ങളുടെ ജാഗ്രതയാണ് കാണിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പഴകുറ്റി - മംഗലപുരം റോഡ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആപ്പ് വഴി എണ്ണായിരത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിനാൽ മന്ത്രി ഓഫീസിൽ കൺട്രാോൾ റൂം തുറന്ന് ടോൾ ഫ്രീ നമ്പരിലൂടെ ജനങ്ങളുടെ പരാതികൾ സ്വീകരിച്ച് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. തൊണ്ടി വാഹനങ്ങൾ റോഡരികിൽ സൂക്ഷിക്കുന്നത് അവിടെ നിന്ന് മാറ്റുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുന്നുണ്ട്. കൂടാതെ പൊതുമരാമത്ത് വകുപ്പ് സ്ഥലം കൈയേറിയ പരസ്യ കമ്പനികൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷതവഹിച്ചു. നെടുമങ്ങാട് മണ്ഡലത്തിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച വഴയില - പഴകുറ്റി നാലുവരി പാത തടസങ്ങൾ നീക്കി നിർമ്മിക്കുമെന്ന് ജി.ആർ. അനിൽ പറഞ്ഞു. ഡി.കെ. മുരളി എം.എൽ.എ സ്വാഗതം പറഞ്ഞു. റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് ഡയറക്ടർ ഡാർലിൽ കാർമലീറ്റ ഡിക്രൂസ് റിപ്പോർട്ട് അവതരിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ സി.എസ്. ശ്രീജ, അഡ്വ. ആർ. ജയദേവൻ, എസ്. ഷൈലജ, എക്സിക്യൂട്ടീവ് എൻജിനിയർ പി.ടി. ജീജ ഭായി എന്നിവർ സംസാരിച്ചു.