തിരുവനന്തപുരം:കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ
മുഴുവൻ ജീവനക്കാരും എത്തിയിരുന്ന സർക്കാർ ഓഫീസുകളിൽ തിങ്കളാഴ്ച മുതൽ പകുതിപ്പേർ എത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതുപ്രകാരം കൊവിഡ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ശതമാനത്തിൽ താഴെയുള്ള എ,ബി വിഭാഗത്തിൽപ്പെടുന്ന തദ്ദേശ മേഖലകളിൽ 50 ശതമാനം ജീവനക്കാരും സി.വിഭാഗത്തിൽ 25 ശതമാനം ജീവനക്കാരും ഹാജരായാൽ മതി.നിലവിൽ എ,ബി വിഭാഗങ്ങളിൽ മുഴുവൻ ജീവനക്കാരും സി വിഭാഗത്തിൽ പകുതിപ്പേരും എത്തണമായിരുന്നു. ട്രിപ്പിൾ ലോക്ക് ഡൗൺ ബാധകമായ ഡി വിഭാഗം മേഖലയിൽ അവശ്യസർവീസുകൾ മാത്രം മതിയാകും.
ഓഫീസിൽ എത്താത്ത മൊത്തം ജീവനക്കാരും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവണം. അത് എവിടെ,എങ്ങനെ നിർവഹിക്കണമെന്ന് ജില്ലാ കളക്ടർമാർ നിർദ്ദേശിക്കും
സംസ്ഥാന സർക്കാർ ഓഫീസുകൾ, പബ്ലിക് ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷനുകൾ, കോർപ്പറേഷനുകൾ തുടങ്ങിയവയിലെ ജീവനക്കാർക്കാണ് ഇതു ബാധകം.
രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ ക്ലസ്റ്ററുകളാക്കും. അതോടൊപ്പം മൈക്രോ കണ്ടയിൻമെന്റ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും.
12.1 ശതമാനമാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 11 ജില്ലകളിലും 10 ശതമാനത്തിന് മുകളിലാണ് ടി.പി.ആർ. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ടി.പി.ആർ 17 ശതമാനം.
ഇന്നും നാളെയും
സമ്പൂർണ്ണ ലോക്ക്
തിരുവനന്തപുരം: പത്തിലേക്ക് താഴ്ന്ന കൊവിഡ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയരാൻ തുടങ്ങിയ സാഹചര്യത്തിൽ ഇന്നും നാളെയുമുള്ള സമ്പൂർണ്ണ ലോക്ക് ഡൗൺ കർശനമായി നടപ്പാക്കും. പൊതു, സ്വകാര്യ ഗതാഗതം നിയന്ത്രിക്കും. ആൾക്കൂട്ടം പാടില്ല.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഇടക്കാല അവലോകനയോഗം ചേർന്നേക്കും. ആൾക്കൂട്ടത്തെ നിയന്ത്രിച്ചിട്ടും കൊവിഡ് നിയന്ത്രിക്കാനാകാത്തതിന്റെ കാരണം പരിശോധിച്ചുവരികയാണ്. ബക്രീദ് പരിഗണിച്ച് കഴിഞ്ഞ ഞായർ,തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൂടുതൽ ഇളവ് നൽകിയിരുന്നു. അതുമൂലമുണ്ടായ കൊവിഡ് വ്യാപനം നിർണ്ണയിക്കാൻ സമയമായിട്ടില്ല. അതിനുമുമ്പേ ടി.പി.ആർ കൂടിയതാണ് അധികൃതരെ ഉത്കണ്ഠപ്പെടുത്തുന്നത്.
ഇന്നും നാളെയും
സർക്കാർ,സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. ഹോട്ടൽ, റസ്റ്റോറന്റ്,ബേക്കറി ഹോംഡെലിവറി മാത്രം. പലചരക്ക്,പച്ചക്കറി,മീൻ,മാംസം വില്പന അനുവദിക്കുമെങ്കിലും ഹോംഡെലിവറിക്ക് പ്രാമുഖ്യം നൽകണം. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പൊലീസ് കർശനമായി പരിശോധിക്കും.
വാക്സിൻ എടുക്കുന്നവർ, ആരോഗ്യപ്രവർത്തകർ, കൊവിഡ് ഡ്യൂട്ടിയിലുള്ളവർ, പൊലീസ്,മാദ്ധ്യമപ്രവർത്തകർ, പത്രവിതരണക്കാർ തുടങ്ങിയവർക്ക് യാത്രാനുമതിയുണ്ട്.
പരീക്ഷകൾക്ക് അനുമതിയുണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവർ ബന്ധപ്പെട്ട രേഖകൾ കരുതണം.
കൊവിഡ് ഉയരുന്നു,
ടി.പി.ആർ 13.63%
17,518 രോഗികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു. ഇന്നലെ 17,518 പേരാണ് രോഗബാധിതരായത്. 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ശതമാനമായി. 132 മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 15,871 ആയി.
എട്ട് ജില്ലകളിൽ രോഗികൾ ആയിരം കടന്നു. മലപ്പുറം 2871, തൃശൂർ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂർ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസർകോട് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226 എന്നിങ്ങനെയാണ് ജില്ലകളിലെ കണക്ക്.