gene-editing

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും ജനസംഖ്യാ വർദ്ധനവും ഉയർത്തുന്ന ഭീഷണികളെ മറികടന്ന് ഭക്ഷ്യ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കണ്ടെത്തലുമായി യു.എസ് - ചൈനീസ് ഗവേഷക സംഘം. ' ജാക്ക് ആൻഡ് ബീൻസ്റ്റോക്ക് ജീൻ " എന്ന അപരനാമമാണ് ഒരു ജീൻ ഉപയോഗിച്ച് സസ്യങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾക്ക് ഗവേഷകർ നൽകിയിരിക്കുന്ന പേര്. ജാക്ക് എന്ന ദരിദ്ര ബാലന് ലഭിച്ച ആകാശത്തോളം വളരുന്ന അത്ഭുത പയർചെടിയെ പറ്റിയുള്ള ഇംഗ്ലീഷ് നാടോടിക്കഥയിൽ നിന്നാണ് കണ്ടെത്തലിന് ഇങ്ങനെയൊരു പേര് ലഭിച്ചത്. കഥയിലെ പയർ ചെടിയെ പോലെ ആകാശത്തോളം വളരില്ലെങ്കിലും ഉത്പാദനവും വിളകളുടെ വലിപ്പവും പുതിയതായി വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ ഗണ്യമായി വർ‌ദ്ധിപ്പിക്കാൻ ഗവേഷകർക്ക് സാധിച്ചതായാണ് റിപ്പോർട്ട്.

ഇത്തരം വിളകൾ വളരെ വേഗം സൂര്യപ്രകാശത്തെ ഊർജ്ജമാക്കി മാറ്റുന്നതായി തെളിഞ്ഞതായി ഗവേഷകർ പറയുന്നു. മറ്റുള്ള പരമ്പരാഗത വിളകളെ അപേക്ഷിച്ച് വരൾച്ചയെ അതിജീവിക്കുന്നതിലും ഇവ മുന്നിലാണ്. നിലവിൽ ലോകരാജ്യങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ് കാലാവസ്ഥ വ്യതിയാനം. ശക്തമായ വരൾച്ചയും ശക്തമായ മഴയും അപ്രതീക്ഷിതമായി മാറിമറിഞ്ഞ് വരുന്നത് കർഷകർക്ക് വൻ നഷ്ടത്തിനാണ് കാരണമാകുന്നു. എന്നാൽ, തങ്ങളുടെ പുതിയ കണ്ടെത്തൽ ഭാവിയിൽ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്നതിൽ ഒരു പരിധി വരെ കർഷകരെ സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ലോകത്ത് ജനസംഖ്യയും ഗണ്യമായി വർദ്ധിക്കുകയാണ്. അതിനാൽ ഭക്ഷ്യ ഉത്പാദനവും അതിനൊപ്പം ഉയരേണ്ടത് അനിവാര്യമാണ്. 2050 ഓടെ ഭൂമിയിലെ ആകെ ജനസംഖ്യ 10 ബില്യണായേക്കുമെന്നാണ് കരുതുന്നത്.

തങ്ങൾ ഇതുവരെ പരീക്ഷിച്ച ഒട്ടുമിക്ക സസ്യങ്ങളിലും പരീക്ഷണം വിജയം കണ്ടതായും വളരെ ലളിതമായ പ്രക്രിയയാണിതെന്നും പ്രോജക്ട് കോർഡിനേറ്ററും ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഗവേഷകനുമായ പ്രൊഫ. ചുവാൻ ഹീ പറയുന്നു. ആഗോളതാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് ജനിതക എൻജിനിയറിംഗിന് വിധേയമായ സസ്യങ്ങളുടെ സാദ്ധ്യതകളിലേക്കും ഇത് വിരൽ ചൂണ്ടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്തിനും ഏതിനും മനുഷ്യൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് സസ്യങ്ങളെയാണ്. സസ്യങ്ങളിൽ നിന്ന് നമുക്ക് ലഭ്യമാവുന്ന വസ്തുക്കളുടെ അളവ് കൂട്ടാൻ ഈ മാർഗം സഹായകമാകുമെന്നും ഗവേഷകർ പറയുന്നു.

ജീനുകളിൽ നിന്ന് പ്രോട്ടീനുകളിലേക്ക് വിവരങ്ങൾ കൈമാറുന്ന ഒരു ആർ.എൻ.എ തന്മാത്രയിൽ വരുത്തുന്ന മാറ്റമാണ് ഈ സാങ്കേതികത. പ്രോട്ടീനുകളുടെ ഉത്പാദനം നിയന്ത്രിക്കുന്നതിന് ആ.എൻ.എ തന്മാത്രയിൽ കോശങ്ങൾ ' കെമിക്കൽ മാർക്കറു"കൾ സ്ഥാപിക്കുന്നതായും എന്നാൽ FTO എന്ന ജീൻ അവയെ മായ്ക്കുന്നതായും പരീക്ഷണങ്ങളിൽ കണ്ടെത്തി. നെൽച്ചെടികളിലാണ് ഈ ജീനുകൾ കുത്തിവച്ച് ഗവേഷകർ പരീക്ഷണം നടത്തിയത്.

ലബോറട്ടറി അന്തരീക്ഷത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ മൂന്നിരട്ടി വിളവാണ് നെൽച്ചെടിയിൽ നിന്ന് ലഭിച്ചത്. പുറത്ത് നടത്തിയ പരീക്ഷണത്തിൽ 50 ശതമാനം കൂടുതൽ ഉത്പാദനക്ഷമത ഇവ കാട്ടി. വേരുകൾ കൂടുതൽ ആഴത്തിൽ വളരുകയും ചെയ്തു. തുടർന്ന് ഉരുളക്കിഴങ്ങ് ചെടിയിൽ ഗവേഷകർ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചു. വ്യത്യസ്ഥ കുടുംബത്തിൽപ്പെട്ടതായിരുന്നിട്ടും ഉരുളക്കിഴങ്ങ് ചെടിയിലും സമാന ഫലം വന്നതോടെ മിക്ക സസ്യങ്ങളിലും ഈ വിദ്യ വിജയകരമാകുമെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു. നേച്ചർ ബയോടെക്നോളജി ജേർണലിലൂടെയാണ് തങ്ങളുടെ കണ്ടെത്തൽ ഗവേഷകർ വെളിപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യവിളകളുടെ ഉത്പാദനം കൂട്ടുന്നതിനുള്ള ഗവേഷണങ്ങൾ ദശാബ്ദങ്ങളായി നടന്നുവരികയാണ്. വളരെ സങ്കീർണമായ ഗവേഷണങ്ങളാണിവ.