തിരുവനന്തപുരം: കല്ല്യാണ ആവശ്യത്തിനെന്ന വ്യാജേന കാർ വാടകയ്ക്ക് എടുത്ത് മുങ്ങിയ പ്രതി പൊലീസിന്റെ പിടിയിലായി. ബീമാപള്ളി പുതുവൽപുരയിടം വീട്ടിൽ ലുക്ക്മാൻ ഹക്കീമിനെയാണ് (28) കാർ തട്ടിപ്പ് കേസിൽ കരമന പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷം മുമ്പാണ് സംഭവം. നെയ്യാറ്റിൻകര അമരവിള സ്വദേശി റെജിന്റെ ഇന്നോവ കാറാണ് പ്രതി കല്ല്യാണ ആവശ്യത്തിനെന്ന വ്യാജേന വാടകയ്ക്ക് എടുത്തത്. തുടർന്ന് പ്രതി തമിഴ്നാട്ടിൽ കൊണ്ടുപോയി കാർ മറിച്ച് വിൽക്കുകയായിരുന്നു. തട്ടിപ്പ് നടത്തിയശേഷം ഒളിവിൽപ്പോയ പ്രതിയെ കുളത്തൂപ്പുഴയിലുളള ഒളിസങ്കേതത്തിൽ നിന്നാണ് ഇന്നലെ പൊലീസ് പിടികൂടിയത്. സമാനരീതിയിൽ ഇയാൾ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായും അന്വേഷണത്തിൽ തെളിഞ്ഞു. കരമന എസ്.എച്ച്.ഒ അനീഷ്, എസ്.ഐമാരായ മിഥുൻ, അശോക് കുമാർ, സി.പി.ഒമാരായ സജികുമാർ, രാജീവ്, സന്തോഷ്, സിബിമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.