തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അന്വേഷിക്കാൻ കെ.പി.സി.സി നിയോഗിച്ച കെ.എ. ചന്ദ്രൻ അദ്ധ്യക്ഷനായുള്ള ദക്ഷിണമേഖലാ സമിതി ഇന്നലെ തലസ്ഥാന ജില്ലയിൽ തെളിവെടുപ്പ് നടത്തി. ഇന്ന് കൊല്ലത്തെത്തുന്ന സമിതി പരാതികൾ കേൾക്കും. തിരുവനന്തപുരത്ത് പരാതികളും നിർദ്ദേശങ്ങളും സ്വീകരിച്ച മൂന്നംഗസമിതി ഈ മാസം 29ന് വീണ്ടുമെത്തും. നിയമസഭാതിരഞ്ഞെടുപ്പിൽ പ്രവർത്തിക്കാതെ മാറി നിൽക്കുകയും യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്തവരെ പാർട്ടി പുനഃസംഘടനയിൽ ഏതെങ്കിലും ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കരുതെന്ന ആവശ്യമാണ് സമിതി മുമ്പാകെ പ്രധാനമായും ഉയർന്നത്. മിക്ക നിയോജക മണ്ഡലങ്ങളിൽ നിന്നും സമിതി മുമ്പാകെ പരാതികളെത്തിയിട്ടുണ്ട്. സ്ഥാനാർത്ഥിത്വത്തിലെ അപാകത, താഴേത്തട്ടിൽ സംഘടനാസംവിധാനത്തിൽ നിലവിലുള്ള പോരായ്മകൾ, ന്യൂനപക്ഷ വോട്ടുകളുടെ നഷ്ടം, സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചവരെ പിന്തുണച്ചവർ വേറൊരാൾ സ്ഥാനാർത്ഥിയായെത്തിയപ്പോൾ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിർജ്ജീവമായി തുടങ്ങി നിരവധി പരാതികളാണ് ജില്ലയിലെ പ്രവർത്തകരും നേതാക്കളും സമിതി മുമ്പാകെ ഉന്നയിച്ചത്. പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്ക് പകരം മറ്റൊരാളായിരുന്നെങ്കിൽ ജയിക്കാനാകുമായിരുന്നു എന്ന അഭിപ്രായവും ചിലരുയർത്തി. തലസ്ഥാനത്ത് യു.ഡി.എഫ് വിജയിച്ച ഏക മണ്ഡലമായ കോവളത്ത് അതിനാധാരമായ ഘടകങ്ങളും സമിതി വിലയിരുത്തി. ജില്ലയിൽ സ്ഥാനാർത്ഥികളായി മത്സരിച്ചവരിൽ ചിലർക്ക് ഇന്നലെ അസൗകര്യം കാരണം സമിതി മുമ്പാകെ എത്താനായില്ല. അവരുടെയും ജില്ലയിൽ ഘടകകക്ഷി മത്സരിച്ച ഏക സീറ്റായ ആറ്റിങ്ങലിലെയും പരാതികൾ കേൾക്കാനാണ് 29ന് വീണ്ടുമെത്തുന്നത്. മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ, ടി.എസ്. സലിം എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.