പരവൂർ: കട ഉടമയെയും സഹോദരനെയും കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽപോയ മുൻജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂതക്കുളം കോട്ടുവൻകോണം സ്വദേശി പാറവിള വീട്ടിൽ സുരേഷാണ് (50) മരിച്ചത്. വ്യാഴാഴ്ച രാത്രി 12 ഓടെയാണ് സംഭവം. അന്ന് രാത്രി 9നാണ് കോട്ടുവൻകോണത്ത് കട നടത്തുന്ന ഷൈലജയെയും (39), സഹോദരൻ കരടിമുക്ക് സ്വദേശി വട്ടച്ചാലിൽ വീട്ടിൽ ഷൈജുവിനെയും (36) സുരേഷ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഷൈജുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഷൈലജയുടെ പരിക്ക് നിസാരമാണ്.
സുരേഷ് ഷൈലജയുടെ കടയിൽ ജോലി ചെയ്തുവരുകയായിരുന്നു. ഇതിനിടെ ഇവരുമായി പ്രശ്നങ്ങളുണ്ടാവുകയും മറ്റൊരു കടയിലേക്ക് മാറുകയും ചെയ്തു. സുരേഷും ഷൈലജയുമായുള്ള പ്രശ്നത്തിന്റെ പേരിൽ ഷൈജുവും സുരേഷും തമ്മിൽ നിരവധി തവണ തർക്കമുണ്ടാവുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവദിവസം ഷൈലജയെ ശല്യം ചെയ്തെന്ന് ആരോപിച്ച് സുരേഷിനെ ഷൈജുവും കൂട്ടുകാരും ചേർന്ന് മർദ്ദിച്ചു. മർദ്ദനത്തിനിടെയാണ് സുരേഷ് കത്തിയെടുത്ത് ഷൈജുവിനെ കുത്തിയത്. ഉടൻ ഷൈജുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി.
പരിക്കേറ്റ സുരേഷിനെ പ്രദേശവാസി നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് സുരേഷ് ബന്ധുവീട്ടിൽ പോകണമെന്ന് പറഞ്ഞപ്പോൾ ഇയാളെ പ്രദേശവാസി കൂനംകുളത്ത് ഇറക്കിവിട്ടു. കുത്തുകേസിൽ സുരേഷിനെ പൊലീസ് അന്വേഷിക്കുമ്പോഴാണ് കൂനംകുളത്ത് ബന്ധുവീട്ടിലുണ്ടെന്ന വിവരം ലഭിച്ചത്. അർദ്ധരാത്രി 12ന് പൊലീസെത്തിയപ്പോഴാണ് വീടിന്റെ പിൻഭാഗത്തെ മാവിൽ സുരേഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 30 വർഷം മുമ്പ് സുരേഷ് മറ്റൊരു കേസിൽ കൊലപാതകക്കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഭാര്യ വിജയലക്ഷ്മി രണ്ടുവർഷത്തോളമായി വിദേശത്ത് ജോലി ചെയ്യുകയാണ്. മക്കൾ: വിദ്യ, വിഷ്ണു, വൈഷ്ണവ്.