തിരുവനന്തപുരം : സർക്കാർ സംവിധാനം വഴി വാക്‌സിൻ ലഭിക്കാൻ 289 ആശുപത്രികൾ ഓർഡറുകൾ നൽകി കാത്തിരിക്കുന്നു. ഈമാസം 19 വരെയുള്ള കണക്കുകൾ പ്രകാരം 2,01,320 ഡോസുകൾക്ക് ഇതുവരെ ഓർഡർ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുതിയ കേന്ദ്ര നിർദേശപ്രകാരം സ്വകാര്യ ആശുപത്രികൾ കൊവിൻ പോർട്ടൽ വഴി വാക്‌സിനായി ഓർഡർ നൽകുകയും നിർമ്മാതാവിന് നേരിട്ട് പണമടയ്ക്കുകയും ചെയ്യണം. കൊവിഷീൽഡ് 6000 ഡോസിനും കൊവാക്‌സിൻ 2880 ഡോസിനും മുകളിലാണ് ഓർഡറെങ്കിൽ കമ്പനി നേരിട്ട് വാക്‌സിൻ എത്തിക്കും. എന്നാൽ ഓർഡർ അതിലും കുറവും കൊവിഷീൽഡ് ചുരുങ്ങിയത് 500 ഡോസും കൊവാക്‌സിൻ 160 ഡോസുമാണെങ്കിൽ കമ്പനികൾ വാക്‌സിൻ സംസ്ഥാന സർക്കാർ മുഖേന നൽകും. 6000 ഡോസിൽ കൂടുതൽ ഓഡറുള്ള ആശുപത്രികൾ 13,95,500 ഡോസ് വാക്‌സിനാണ് കമ്പനികൾക്ക് നേരിട്ട് ഓഡർ നൽകിയിട്ടുള്ളത്. ഇതിൽ 5,93,000 ഡോസാണ് ഇതുവരെ നിർമ്മാതാക്കളിൽ നിന്നും ലഭ്യമായിരിക്കുന്നത്.