വെഞ്ഞാറമൂട്: അർബുദത്തെ തോൽപ്പിച്ച് എസ്.എസ്.എൽ.സിക്ക് മിന്നും വിജയം നേടിയ അവനിയെ കാണാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എത്തി.അവനിയുടെ ആലന്തറയിലെ കിളിക്കൂട് വീട്ടിലെത്തിയാണ് മന്ത്രി അനുമോദിച്ചത്.ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ഉപഹാരവും മന്ത്രി അവനിക്ക് സമ്മാനിച്ചു. മന്ത്രി എത്തുന്നുവെന്നറിഞ്ഞതു മുതൽ വലിയ സന്തോഷത്തിലായിരുന്നു അവനിയും കുടുംബവും. നവമാദ്ധ്യമങ്ങളിലൂടെയും മറ്റും നിരവധി തവണ കേട്ടറിഞ്ഞ അവനിയെ നേരിൽ കാണാനാണ് എത്തിയതെന്ന് മന്ത്രി പറഞ്ഞപ്പോൾ അവനി ചിരിച്ചുകൊണ്ട് മന്ത്രിയെ സ്വീകരിച്ചു. ഒരു സെൽഫി എടുക്കണമെന്ന അവനിയുടെ ആവശ്യവും മന്ത്രി അംഗീകരിച്ചു."രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം " എന്ന പാട്ടു പാടി മന്ത്രിയുടെ മനവും കവർന്നു ഈ കൊച്ചു മിടുക്കി.ഡി.കെ.മുരളി എം.എൽ.എ,ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം, കേന്ദ്ര കമ്മിറ്റി അംഗം വി.കെ.സനോജ്,സി.പി.എം ഏരിയാ സെക്രട്ടറി ഇ.എ.സലിം,ഡി.വൈ.എഫ്.ഐ ബ്ലോക്ക് ഭാരവാഹികളായ വൈ.വി. ശോഭകുമാർ,കെ.സജീവ്,സി.പി.എം ലോക്കൽ സെക്രട്ടറിമാരായ കെ. ബാബുരാജ്, സുജിത്ത് മോഹൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.