നാഗർകോവിൽ: മനുഷ്യാവകാശ പ്രവർത്തകൻ സ്‌റ്റാൻ സ്വാമിയെ അനുസ്‌മരിക്കുന്നതിനായി ചേർന്ന യോഗത്തിൽ ഹിന്ദുമത വിശ്വാസങ്ങളെക്കുറിച്ച് പ്രകോപനപരമായി പ്രസംഗിച്ച വികാരിയെ പൊലീസ് അറസ്‌റ്റ് ചെയ്തു. കന്യാകുമാരി ജില്ലയിലെ കരിങ്കൽ,പനവിള ആർ.സി പള്ളിയിലെ വികാരി ജോർജ് പൊന്നയ്യയെയാണ് തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം അറസ്‌റ്റ് ചെയ്തു. വിരുതനഗർ കള്ളിക്കുടിയിൽ നിന്നാണ് അറസ്‌റ്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്‌റ്റാലിൻ, കന്യാകുമാരി ജില്ലയിലെ എം.എൽ.എമാർ എന്നിവരെയും പൊന്നയ്യ തന്റെ പ്രസംഗത്തിൽ വിമർശിച്ചിരുന്നു. തുടർന്ന് ഹിന്ദു സംഘടനകൾ അതിനെതിരെ പ്രതിഷേധിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കന്യാകുമാരിയിലും തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളിലുമായി പൊന്നയ്യനെതിരെ ഇത്തരത്തിൽ മുപ്പതോളം പരാതികളുണ്ട്. തുടർന്ന്, അദ്ദേഹം സോഷ്യൽ മീഡിയ വഴി മാപ്പ് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. തന്റെ പ്രസംഗത്തിൽ നിന്ന് ചില ഭാഗങ്ങൾ മുറിച്ചെടുത്ത് എഡിറ്റ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു പൊന്നയ്യയുടെ വാദം.