പെരിന്തൽമണ്ണ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിക്കടി ട്രിപ്പിൾ ലോക്ഡൗണിലേക്ക് വീഴുന്നതോടെ ആധാരം രജിസ്‌ട്രേഷന് പ്രതിസന്ധി. ഇതോടെ എഴുതി തയ്യാറാക്കി കക്ഷികൾ ഒപ്പിട്ട ആധാരങ്ങൾ 120 ദിവസം കഴിഞ്ഞിട്ടും രജിസ്‌ട്രേഷൻ ചെയ്യാനാകാത്ത അവസ്ഥയാണ്. ഒട്ടേറെ തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടുന്നതാണ് പല സബ് രജിസ്ട്രാർ ഓഫീസുകളും. രജിസ്ട്രാർ ഓഫീസ് നിൽക്കുന്ന തദ്ദേശസ്ഥാപനങ്ങൾ ഡി കാറ്റഗറിയിൽ നിന്നും മാറുമ്പോൾ ആധാരം എഴുതാൻ നൽകിയവർ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ഡി കാറ്റഗറിയിലാകും. എഴുതാൻ നൽകിയ ആൾക്കോ കുടുംബാംഗങ്ങൾക്കോ കൊവിഡ് പോസിറ്റീവ് ആയി ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയും വരും.
ക്വാറന്റൈനിൽ നിന്നും മോചിതരായി തിരിച്ചു വരുമ്പോൾ വീണ്ടും സബ് രജിസ്റ്റാർ ഓഫീസുകൾ നിൽക്കുന്ന തദ്ദേശസ്ഥാപനങ്ങൾ ഡി കാറ്റഗറിയിലെത്തും. ഇതോടെ ആധാരം എഴുത്തുകാരും ജനങ്ങളും മാനസിക സമ്മർദ്ദത്തിലാണ്. ഡി കാറ്റഗറിയിൽപ്പെട്ട സ്ഥലങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കുന്ന പോലെ ഇടവിട്ട ദിവസങ്ങളിലോ അഞ്ചോ പത്തോ രജിസ്ട്രേഷനെന്ന നിബന്ധന വെച്ചോ സബ് രജിസ്ട്രാർ ഓഫീസുകളിൽ രജിസ്‌ട്രേഷൻ അനുവദിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ആധാരം എഴുത്ത് തൊഴിലാളികളുടെ സംഘടനയായ കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ (കെ.എസ്.ഡി.ഡബ്ല്യൂ.യു) മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം ജില്ലാ കളക്ടർക്കും ജില്ലാ രജിസ്ട്രാർ ജനറലിനും നിവേദനം നൽകി കാത്തിരിക്കുകയാണ്.