ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ വായ്പാത്തട്ടിപ്പിന് സമാനമായ തട്ടിപ്പുകൾ സംസ്ഥാനത്ത് പലയിടങ്ങളിലെയും ബാങ്കുകളിൽ നടന്നിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സി.പി.എം അധീനതയിലുള്ള സംസ്ഥാനത്തെ 106 സഹകരണ ബാങ്കുകളിലും ഈ തട്ടിപ്പ് നടന്നിട്ടുണ്ട്. ഇത് ഓരോന്നോരോന്നായി പുറത്തു വരികയാണ്. സി.പി.എമ്മിലെ ഉന്നതന്മാരാണ് ഇതിന് പിന്നിൽ.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും മുൻ മന്ത്രി എ.സി. മൊയ്തീനും അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും ബന്ധമുണ്ട്. തട്ടിപ്പ് നടത്തിയ പണം നിയമസഭാ തിരഞ്ഞെടുപ്പിനായി ചെലവഴിച്ചെന്നും എ. വിജയരാഘവന്റെ ഭാര്യ മന്ത്രി ആർ. ബിന്ദു മത്സരിച്ച മണ്ഡലത്തിലും ഈ പണമെത്തിയെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. സംസ്ഥാന ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിക്കേണ്ട കേസല്ല ഇത്. ഇതുമായി ബന്ധപ്പെട്ട കുറ്റവാളികൾ പലരും വിദേശത്താണ്. അന്വേഷണം നടത്തിയാൽ പല സി.പി.എം നേതാക്കളും കുടുങ്ങും. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അന്വേഷണം സി.പി.എം നേതാക്കളെ രക്ഷിക്കാൻ വേണ്ടിയുള്ളതാണ്. അതുകൊണ്ടു തന്നെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഈ കേസ് അന്വേഷിക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു