ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രിയിൽ പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ എത്തുന്നവർ നിർബന്ധമായും കൊവിഡ് പരിശോധനക്ക് വിധേയരാവണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി പറഞ്ഞു.ഇപ്പോൾ ഭൂരിഭാഗം പേരിലും കൊവിഡ് രോഗ ലക്ഷണം പ്രകടമാകാറില്ല. ജനങ്ങളുടെ സുരക്ഷ കരുതിയാണ് പരിശോധന നിർബന്ധമാക്കാൻ തീരുമാനിച്ചത്.
കൊവിഡ് പോസിറ്റീവായിരുന്ന വ്യക്തി നെഗറ്റീവായ ശേഷം 90 ദിവസത്തെ ഇടവേള കഴിഞ്ഞാൽ മാത്രമെ വാക്സിൻ സ്വീകരിക്കാൻ പാടുള്ളൂ എന്ന വിദഗ്ധരുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം. വാക്സിനേഷന് വരുന്നവരെ പരിശോധനക്ക് വിധേയരാക്കി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പിച്ച ശേഷമെ വാക്സിൻ നൽകൂ. ഇതിനായി വാക്സിനേഷൻ സെന്ററിന് സമീപം കൊവിഡ് ടെസ്റ്റിംഗ് സെന്ററും സജ്ജമാക്കിയിട്ടുണ്ട്.