theif

 പിന്നിൽ രണ്ടുപേർ, എത്തിയത് ഗ്ലൗസടക്കം ധരിച്ച്

കൊച്ചി: നഗരത്തിൽ വീണ്ടും മഴക്കാല കള്ളന്മാരുടെ വിളയാട്ടം. കലൂരിലെ അപ്പാ‌ർട്ട്മെന്റിലെ ഒന്നാംനിലയിലുള്ള വീടിന്റെ പൂട്ടുപൊളിച്ച് 15 പവന്റെ സ്വർണാഭരണങ്ങളും 15000 രൂപയും കവർന്നു. എറണാകുളം ഷേണായീസ് റോഡിലെ ഡ്രീംഫ്ലവ‌ർ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സ്വകാര്യ ബാങ്ക് മാനേജ‌രും ചെന്നൈ സ്വദേശിയുമായ യശ്വന്ത്കുമാറിന്റെ വീട്ടിലായിരുന്നു കവ‌ർച്ച. ഇന്നലെ അർദ്ധരാത്രിക്കുശേഷമാണ് മോഷണം നടന്നതെന്നാണ് നിഗമനം. സി.സി.ടിവി കാമറയിൽനിന്ന് രണ്ടുപേരുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്. മുഖം വ്യക്തമല്ല. നോ‌ർത്ത് പൊലീസ് അന്വേഷണം തുടങ്ങി.

സംഭവം നടക്കുമ്പോൾ യശ്വന്തും ഭാര്യയും കുഞ്ഞും വീട്ടിലുണ്ടായിരുന്നു. വീട്ടിലെ മറ്രൊരു കിടപ്പുമുറിയിലെ അലമാരയിലായിരുന്നു പണവും ആഭരണങ്ങളും സൂക്ഷിച്ചിരുന്നത്. അപ്പാർട്ട്മെന്റിന്റെ പിന്നിലൂടെ എത്തിയ മോഷ്ടാക്കൾ അടുക്കളവാതിലിന്റെ പൂട്ടുത‌ർത്താണ് അകത്ത് പ്രവേശിച്ചതെന്ന് കരുതുന്നു. ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ മോഷണം നടന്നത് യശ്വന്തും കുടുംബവും അറിഞ്ഞില്ല. രാവിലെ അലമാര തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട് പരിശോധിച്ചപ്പോഴാണ് പണവും ആഭരവും നഷ്ടപ്പെട്ടുവെന്ന് അറിയുന്നത്. ഉടനെ പൊലീസിൽ പരാതിപ്പെട്ടു.ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദ്ധരുമെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടിവി കാമറകളിൽ നിന്ന് ദൃശ്യങ്ങൾ ശേഖരിക്കും.