knb

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ അഞ്ച് വർഷം റവന്യൂ വരുമാനത്തിൽ 72,608.54 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. എ.പി. അനിൽകുമാറിന്റെ ചോദ്യത്തിനുള്ള മറുപടിയാണിത്.

5,10,993.44 കോടി രൂപ റവന്യൂ എസ്റ്റിമേറ്റ് കണക്കാക്കിയതിൽ പ്രതീക്ഷിച്ച റവന്യൂവരവ് 4,38,384.9കോടിയായിരുന്നു. ഇതിലാണ് വലിയ ഇടിവ് സംഭവിച്ചത്.

അപ്രതീക്ഷിതമായ നോട്ട് അസാധുവാക്കൽ സൃഷ്ടിച്ച പ്രതിസന്ധിയും ജി. എസ്. ടി നടപ്പാക്കിയതിന്റെ പ്രശ്നങ്ങളും നികുതി, നികുതിയിതര വരുമാനത്തിൽ കാര്യമായ പ്രതിസന്ധിയുണ്ടാക്കി. ഇതിന് പുറമേ കേന്ദ്ര നികുതിവിഹിതം ലഭിക്കാതിരുന്നതും രണ്ട് പ്രളയവും കൊവിഡും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും റവന്യൂവരുമാനം കുറച്ചെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, മുൻ സർക്കാരിന്റെ ധന മാനേജ്മെന്റിലെ കെടുകാര്യസ്ഥതയാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് പ്രതിപക്ഷ വാദം. 2019-20ൽ 30 % നികുതി വളർച്ച ധനമന്ത്രി തോമസ് ഐസക് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചതാണ്. ആ വർഷം 1,15,354.71 കോടി രൂപ റവന്യൂ എസ്റ്റിമേറ്റായി ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചു. പിരിച്ചെടുത്തത് 90,224.67 കോടി മാത്രം. ജി.എസ്.ടിക്ക് സംസ്ഥാനം വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താതിരുന്നതും വാറ്റ് ഉൾപ്പെടെ നിരവധി കുടിശികകൾ പിരിച്ചെടുക്കാത്തതുമാണ് നികുതി വരുമാനം കുറഞ്ഞതിന് പ്രധാന കാരണം. കുടിശിക പിരിക്കാൻ സർക്കാർ പ്രഖ്യാപിച്ച ആംനസ്റ്റി പദ്ധതി വിജയിച്ചില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.