നെടുമങ്ങാട്: നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ തുടക്കം കുറിച്ചതും ഭരണാനുമതി ലഭിച്ചതുമായ വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകന യോഗം മന്ത്രി ജി.ആർ. അനിലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. എല്ലാ വകുപ്പുകളുടെയും ജില്ലാതല നിർവഹണ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. സമയബന്ധിതമായി മുഴുവൻ വർക്കുകളും പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
2018-19, 2019-20 ൽ വർക്കുകൾ ഏറ്റെടുത്ത് നാളിതുവരെയും തീർക്കാത്ത കോൺട്രാക്ടർമാർ സമയബന്ധിതമായി ബന്ധപ്പെട്ട വർക്കുകൾ തീർക്കണമെന്നും അല്ലാത്തപക്ഷം ഇൗ വർക്കുകളുടെ എസ്റ്റിമേറ്റ് റിവേഴ്സ് ചെയ്യുന്നതല്ലെന്നും വർക്കുകൾ റീ ടെൻഡർ ചെയ്യുകയില്ലെന്നും മന്ത്രി പറഞ്ഞു.
കന്യാകുളങ്ങര ഗവൺമെന്റ് ആശുപത്രിയിൽ സഞ്ചാരത്തിന് തടസമുണ്ടാക്കിയിട്ടുള്ള മൺകൂനകൾ എത്രയും പെട്ടെന്ന് നീക്കം ചെയ്ത് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനും നിർദ്ദേശം നൽകി. എം.എൽ.എ ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള പ്രോജക്ടുകൾ കൃത്യമായി സൂപ്പർവൈസ് ചെയ്യാൻ എ.ഡി.സിക്ക് നിർദ്ദേശം നൽകി. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാത്ത വർക്കുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എം.എൽ.എ ഒാഫീസുമായി ബന്ധപ്പെട്ട് തടസങ്ങൾ നീക്കി നിർമ്മാണം ഉടൻ തുടങ്ങുന്നതിനും യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകി.
നെടുമങ്ങാട് ഗവൺമെന്റ് കോളേജുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലായി 5 വർക്കുകൾ നടന്നുവരുന്നത് നേരിൽ കാണാൻ അടുത്തയാഴ്ച കോളേജ് സന്ദർശിക്കുമെന്നും, പോത്തൻകോട് യു.പി.എസ് കെട്ടിട നിർമ്മാണം വിലയിരുത്തുന്നതിനായി വരുന്ന തിങ്കളാഴ്ച സ്കൂൾ സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.