കാട്ടാക്കട: വീട് നിർമ്മാണത്തിന് സഹായവാഗ്ദാനം നൽകി വയോധികയുടെ സ്വർണമാലയുമായി കടന്ന പ്രതി പിടിയിലായി. കാഞ്ഞിരംകുളം കനാൽ കോട്ടേജിൽ ഷിബു.എസ്.നായരാണ്(43) പിടിയിലായത്. പന്നിയോട് കല്ലാമം സ്വദേശിയായ വയോധികയുടെ ഒന്നേകാൽ പവൻ മാലയാണ് ഇയാൾ കൈക്കലാക്കി കടന്നുകളഞ്ഞത്.
വൃദ്ധയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇക്കഴിഞ്ഞ 15നായിരുന്നു സംഭവം. ഇടവകയിലെ പള്ളി വികാരി കൊറോണ ബാധിച്ചു ചികിത്സയിലാണെന്നും പകരം പാസ്റ്ററായ താൻ വിവരം അറിയിക്കാൻ എത്തിയതാണെന്നും വൃദ്ധയുടെ അടുത്തെത്തി അറിയിച്ചു.
വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുള്ള വൃദ്ധ ഒറ്റയ്ക്കാണ് താമസം. ഇത് മനസിലാക്കിയാണ് പ്രതിയെത്തിയത്. വീട് നിർമ്മാണത്തിന് സഹായം അനുവദിക്കാൻ ആദ്യ ചെലവുകൾക്കായി ആറായിരം രൂപ നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. തുകയില്ലെന്ന് പറഞ്ഞ വൃദ്ധയോട് ഷിബു കഴുത്തിൽ കിടന്ന മാല ആവശ്യപ്പെടുകയും ഇത് പണയം വച്ച് തുക എടുക്കാമെന്നും രസീത് തിരികെ ഏൽപ്പിക്കാമെന്നും വിശ്വസിപ്പിച്ച് മാലയുമായി കടന്നുകളയുകയായിരുന്നു.
ഷിബു കള്ളിക്കാടുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മാല 32,000 രൂപയ്ക്ക് പണയം വച്ചു. ആഭരണം പൊലീസ് കണ്ടെത്തി. കാട്ടാക്കട ഡി.വൈ.എസ്.പി പ്രശാന്ത്, ഇൻസ്‌പെക്ടർ കിരൺ, സബ് ഇൻസ്‌പെക്ടർ സജു, ഗ്രേഡ് എസ്.ഐ ഹെൻഡേഴ്സൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആര്യനാട്, കാഞ്ഞിരംകുളം, മലയിൻകീഴ്, തമ്പാനൂർ, നെയ്യാറ്റിൻകര, വിഴിഞ്ഞം, നെടുമങ്ങാട്, മാറനല്ലൂർ, പൊഴിയൂർ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ ആൾമാറാട്ടം, പിടിച്ചുപറി,കബളിപ്പിക്കൽ, പൊലീസുകാരെ ഉപദ്രവിക്കൽ തുടങ്ങി പതിനഞ്ചിലധികം കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.