shana

വെഞ്ഞാറമൂട് : തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എ. ഷാനവാസിനെ തേടി വീണ്ടും കേന്ദ്ര സർക്കാരിന്റെ അതി ഉത്കൃഷ്ട സേവാ പതക്. സേനയിലെ അന്വേഷണ മികവും അച്ചടക്ക തികവുമാണ് ദേശീയ അംഗീകാരത്തിന് വീണ്ടും അവസരമൊരുക്കിയത്.

നന്മയുടെ മുഖമായ ഈ ഉദ്യോഗസ്ഥന് 2018-ൽ പ്രസിഡന്റിന്റെ മെഡലും 2012ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചിരുന്നു. 23 വർഷത്തെ സേവനത്തിനിടയിൽ 27 ഗുഡ് സർവീസ് എൻട്രികളും രണ്ട് അപ്രീസിയേഷനുകളും രണ്ട് അഭിനന്ദനങ്ങളും. ഇത്രയും വർഷത്തിനിടയിൽ ഒരു ആരോപണത്തിനുപോലും ഇടം കൊടുത്തില്ല. കാക്കിക്ക് വലിയ പവിത്രതയുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഷാ നവാസ്. 2013 ലെ, 6 പേർ മരിച്ച കുപ്പണ വിഷമദ്യ ദുരന്തത്തിലെ മുഴുവൻ പ്രതികളെയും നിയമത്തിന്റെ മുന്നിൽ എത്തിച്ച് ശിക്ഷ വാങ്ങിക്കൊടുത്തു. വൻ സ്വാധീനമുണ്ടായിരുന്ന കേസായിരുന്നു അത്.

2006 ൽ ഏരൂരിൽ ഒരു തമിഴ്നാട്ടുകാരൻ ഭാര്യയെ കൊന്ന് ആറു കഷണങ്ങളാക്കി ഒളിപ്പിച്ചു. തെളിവ് നശിപ്പിച്ച കേസിലെ പ്രതിയെ ഒരാഴ്ചയ്ക്കുള്ളിൽ തമിഴ്നാട്ടിൻ നിന്ന് സാഹസികമായി പിടികൂടി. തമിഴ്‌നാട് സർക്കാരിന്റെ അഭിനന്ദനവും നേടിയിരുന്നു.

ശബരിമല തീർത്ഥാടന സമയത്ത് വി.ഐ.പി.ഡ്യൂട്ടി കാര്യക്ഷമമായി നടത്തിയതിനും ജനത്തിരക്ക് നിയന്ത്രിച്ചതിനും പ്രത്യേക അംഗീകാരം ലഭിച്ചിരുന്നു. വെഞ്ഞാറമൂട്ടിൽ എത്തിയാൽ സാധാരണക്കാരനിൽ ഒരാളായിമാറും. നെഹ്റു യൂത്ത് സെന്റർ, ദ്യശ്യാ ഫൈൻ ആർട്സ് എന്നീ കലാ കൂട്ടായ്മയിലെ മുഖ്യ സംഘാടകനാണ്.

ഡിവൈ എസ്.പിയായിരിക്കുമ്പോൾ വീടിന്റെ പണി തുടങ്ങിയ ഷാനവാസ് എഴു വർഷം കൊണ്ടാണ് പുർത്തിയാക്കിയത്. വിയർപ്പിന്റെ കൂലി കൊണ്ടു മാത്രം പുര കെട്ടിയാൽ മതിയെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. വെഞ്ഞാറമൂട് നാഗരുകുഴി ഷൈലാമൻസിലിലാണ് താമസം. ജാസ്മിൻ ഭാര്യയും ഷബാന, ഷബാസ് മുഹമ്മദ് എന്നിവർ മക്കളുമാണ്. സഹോദരൻ ഷാജിനോസ് മുഖ്യ മന്ത്രിയുടെ ഓഫീസ് അക്സസ് കൺട്രോൾ ഓഫീസർ.