photo

പാലോട്:പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി മേഖലയായ ഞാറനീലി ആലുമ്മൂട്ടിൽ 2018ൽ എം.പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആലുമ്മൂട് സാംസ്കാരിക നിലയം ഒരു നാടിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് പൊൻ തൂവലാകുന്നു. കൊവിഡ് വ്യാപനത്തെത്തുടർന്ന് വിദ്യാഭ്യാസം ഓൺലൈനായപ്പോൾ നെറ്റ് വർക്ക് ലഭിക്കാതെയും ടെലിവിഷൻ ഇല്ലാതെയും പഠനം മുന്നോട്ട് കൊണ്ടുപോകാനാകാതെ പ്രതിസന്ധിയിലായ ആദിവാസി വിഭാഗത്തിലെ ആലുമ്മൂട് നിവാസികളായ എട്ടു കുട്ടികൾക്ക് അധികൃതർ ആലുമ്മൂട് സാംസ്കാരിക നിലയത്തിൽ സാമൂഹ്യ പഠനമുറിയൊരുക്കി.ദിവസ വേതനാടിസ്ഥാനത്തിൽ ദിവ്യ എന്ന ടീച്ചറെയും നിയമിച്ചു.ഇത് തെളിയിച്ചത് ആദിവാസി ഊരിലെ ഏറ്റവും വലിയവിജയമായിരുന്നു.രണ്ട് കുട്ടികൾക്ക് ഫുൾ എ പ്ലസും, മറ്റ് ആറ് കുട്ടികൾക്ക് മിന്നും വിജയവുമാണ് ഈ പഠനമുറി സമ്മാനിച്ചത്.എല്ലാ വിഷയങ്ങൾക്കും ദിവ്യ ടീച്ചർ തന്നെയായിരുന്നു അദ്ധ്യാപിക.ഒരുകിട്ടി പഠനത്തിൽ പിന്നോക്കമായിരുന്നു.ആ കുട്ടിക്ക് പ്രത്യേക ട്യൂഷൻ നൽകി വിജയിപ്പിച്ചെടുക്കാൻ പഠനമുറിയിലെ പരിശീലനത്തിനായി.നന്ദിയോട് പ്രവർത്തിക്കുന്ന സർക്കാർ ട്രൈബൽ ഓഫീസിന്റെ നിയന്ത്രണത്തിലാണ് പഠനമുറി.പഠനമുറിയിൽ എട്ടു പേരാണ് പഠിച്ചത്.എട്ടു പേരും വിജയിച്ചു.സാസ്കാരിക നിലയത്തിൽ സ്ഥാപിച്ച ടെലിവിഷനിൽ നിന്നാണ് ഈ കുട്ടികൾ വിക്ടേഴ്സ് ചാനൽ കണ്ടത്. പ്രോഗ്രാം കണ്ടതിനു ശേഷം ടീച്ചർ അതേ വിഷയം വീണ്ടും പഠിപ്പിച്ചാണ് ഈ വിജയം നേടിയത്.ഈ വിജയത്തെ തുടർന്ന് ആദിവാസി വിഭാഗത്തിലെ യു.കെ.ജി മുതൽ പ്ലസ് 2 വരെയുള്ള 74 കുട്ടികളെ പഠിപ്പിക്കാനുള്ള ചുമതല രക്ഷ കർത്താക്കൾ ദിവ്യ ടീച്ചറിന് നൽകിയിരിക്കുകയാണ്.