rank

റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുമ്പോഴും പുതിയ പരീക്ഷ നടത്താനാകാതെ പി.എസ്.സി

കൊവിഡ് കണക്കിലെടുത്ത് റാങ്ക് ലിസ്റ്റുകളുടെ കലാവധി നീട്ടണമെന്ന് റാങ്ക് പട്ടികയിലുള്ളവർ

തിരുവനന്തപുരം: 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്നതോടെ സംസ്ഥാനം നിയമന മരവിപ്പിലേക്ക് കൂപ്പുകുത്തും. ഒന്നര ലക്ഷത്തിലേറെ ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകളാണ് ഇതോടെ കണ്ണീരിൽ മുങ്ങുന്നത്. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ പുതിയ റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതിനുള്ള പരീക്ഷകളൊന്നും ഉടനെ പി.എസ്.സി നടത്തുന്നതുമില്ല.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടനാകില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതോടെയാണ് ഉദ്യോഗാ‌ർത്ഥികളുടെ പ്രതീക്ഷകൾ ഇരുട്ടിലായത്. അടുത്ത മന്ത്രിസഭായോഗത്തിൽ മറിച്ചൊരു തീരുമാനം വന്നേക്കുമെന്നാണ് അവരുടെ പ്രതീക്ഷ. മുഖ്യമന്ത്രി തങ്ങളുടെ വിഷമം ഉൾക്കൊള്ളുമെന്നും അവർ കരുതുന്നു. റാങ്ക് പട്ടികകളിലെ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം ഇന്നു മുതൽ കൂടുതൽ ശക്തമാക്കും. കൊവിഡ് കാലത്ത് വേണ്ടത്ര നിയമനങ്ങൾ നടക്കാതിരുന്നിട്ടും, കാലാവധി നീട്ടാതെ ലിസ്റ്റുകൾ പുറന്തള്ളുന്നുവെന്നാണ് അവരുടെ പരാതി.

എൽ.ഡി.ഡി, ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ നിയമനത്തിനുള്ള പുതിയ റാങ്ക് പട്ടികകളില്ല. പരീക്ഷ നടത്തി പട്ടിക തയാറാകാൻ ആറു മാസമെങ്കിലും വേണ്ടിവരും. ആഗസ്റ്റ് നാലിന് റദ്ദാകുന്ന എൽ.ഡി.സി റാങ്ക് പട്ടികയുടെ വിജ്ഞാപനം വന്നത് 2016 നവംബർ 25നാണ്. പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 17 മാസത്തിനു ശേഷം 2018 ഏപ്രിൽ രണ്ടിനും. ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് പട്ടിക നിലവിൽ വന്നത് 2018 ജൂൺ മുപ്പതിനാണ്. ഇതിന്റെ വിജ്ഞാപനം ക്ഷണിച്ചത് .2017 മേയ് 12 നും. പരീക്ഷയ്ക്ക് ശേഷം റാങ്ക് പട്ടിക തയാറാക്കാൻ ഒരു വർഷമെടുത്തു. പി.എസ്.സിയുടെ പുതിയ പരിഷ്കാരമനുസരിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം അടിസ്ഥാന യോഗ്യതയുള്ള തസ്തികകൾക്ക് പരീക്ഷകൾ രണ്ടു ഘട്ടമായാണ് നടത്തുക.

എൽ.ഡി.സി പരീക്ഷയുടെ പുതിയ വിജ്ഞാപനം 2019 നവംബർ 11 വന്നു. ഒന്നാംഘട്ട പരീക്ഷ കഴിഞ്ഞെങ്കിലും ഫലം വന്നിട്ടില്ല. രണ്ടാംഘട്ട പരീക്ഷ ഒക്ടോബർ 23 നാണ്. ലാസ്റ്റ് ഗ്രേഡ് സർവന്റ് വിജ്ഞാപനം 2019 ഡിസംബർ 31ന് വന്നു. ആദ്യഘട്ട പരീക്ഷയുടെ ഫലം വന്നില്ല. രണ്ടാംഘട്ട പരീക്ഷ ഒക്ടോബർ 30നാണ് . ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്സ് തസ്തികയിൽ. സാദ്ധ്യതാ പട്ടിക അടുത്ത മാസം വരുമെന്നാണ് പ്രതീക്ഷ. ബിരുദം അടിസ്ഥാന യോഗ്യതയായ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പടെയുള്ള തസ്തികളിലേക്ക് ആദ്യഘട്ട പരീക്ഷ ആഗസ്റ്റ് 18നും 25 നും ഇടയ്ക്കാണ്. രണ്ടാംഘട്ട പരീക്ഷാ തിയതി നിശ്ചയിച്ചിട്ടില്ല

കാലാവധി

തീരുന്നവ

(റാങ്ക് ലിസ്റ്റ്,നിയമനം ലഭിച്ചവർ,അവശേഷിക്കുന്നവർ എന്ന ക്രമത്തിൽ)

₹എൽ.‌ഡി.സി ------ 9400----27,000

₹ലാസ്റ്റ് ഗ്രേഡ്-------- 6788------ 39,497

₹അസി. സെയിൽസ് മാൻ----1635---- 5845

₹എൽ.പി. യു.പി, എച്ച്.എസ് അദ്ധ്യാപകർ------800----35,000

₹ സ്റ്റാഫ് നഴ്സ്---- 2267--- 8451