കല്ലമ്പലം: കിണറ്റിൽ വീണ കൊവിഡ് രോഗിയായ വൃദ്ധയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. നാവായിക്കുളം വൈരമല വെള്ളൂർക്കോണം തിരുവാതിരയിൽ സരസ്വതി (70)യാണ് കഴിഞ്ഞദിവസം രാവിലെ 9 മണിയോടെ 25 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. ശബ്ദം കേട്ട് അടുത്ത വീട്ടിലെ കുട്ടി അയൽവാസിയെ വിവരം അറിയിക്കുകയും ഒരാൾ കിണറ്റിലിറങ്ങി ഇവരെ താങ്ങി നിറുത്തിയശേഷം കല്ലമ്പലം ഫയർഫോഴ്സിൽ വിവരം അറിയിക്കുകയുമായിരുന്നു. വീട്ടിലെ എല്ലാവരും കൊവിഡ് രോഗികളാണെന്ന് മനസ്സിലാക്കിയതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തി വൃദ്ധയെ പുറത്തെടുത്തത്. ഇവരെ ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീകുമാർ, സീനിയർ ഫയർ ഓഫീസർ സുലൈമാൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരവിന്ദ്, ശംഭു, വിഷ്ണു, അനീഷ്, ഹോം ഗാർഡ് ബിജു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.