lockdown

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ വാരാന്ത്യ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പരിശോധനകളും കടുപ്പിച്ച് പൊലീസ്. കഴിഞ്ഞ ആഴ്ചകളിലെ വാരാന്ത്യ ലോക്ക്ഡൗണിൽ ചെറിയ ഇളവുകൾ നൽകിയും പരിശോധന കുറച്ചും പൊലീസ് അയഞ്ഞപ്പോൾ ജനങ്ങൾ കൂടുതലായി നിരത്തിലിറങ്ങിയത് ആക്ഷേപത്തിന് വഴിവച്ചിരുന്നു. കൂടാതെ ഇളവുകളുള്ള ദിവസങ്ങളിലെ ജനത്തിരക്ക് രോഗവ്യാപനം കൂടുതൽ രൂക്ഷമാകാൻ ഇടയുണ്ടാക്കുമെന്ന് വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ വാരാന്ത്യ ലോക്ക്ഡൗൺ ദിവസങ്ങളിൽ പരിശോധന കർശനമാക്കാൻ നേരത്തെ പൊലീസിന് നി‌ർദ്ദേശം ലഭിച്ചിരുന്നു. എന്നാൽ പരിശോധനകൾ കാര്യമായി നടന്നിരുന്നില്ല. തുടർന്ന് നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന പൊലീസ് മേധാവി തന്നെ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും വാര്യന്ത്യ ലോക്ക്ഡൗണിൽ കർശന പരിശോധന നടത്താൻ നിർദ്ദേശം നൽകുകയായിരുന്നു. ഇന്നലെ പരിശോധന കടുത്തതോടെ നഗരത്തിൽ തിരക്ക് കുറഞ്ഞു. അവശ്യസാധനങ്ങൾ വാങ്ങാനെത്തിയവരും ചുരുക്കമായിരുന്നു. പ്രധാന കമ്പോളങ്ങളായ ചാല, പാളയം എന്നിവിടങ്ങളിൽ പൊലീസ് നിയന്ത്രണവും പരിശോധനയുമുള്ളത് കാരണം ജനത്തിരക്ക് നന്നേ കുറവായിരുന്നു. പാളയം, പട്ടം, പേട്ട, വഞ്ചിയൂർ, കരമന, മെഡിക്കൽ കോളേജ്, വഴുതക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ പൊലീസ് ബാരിക്കേഡ് നിരത്തിയാണ് പരിശോധന നടത്തിയത്. നഗരാതിർത്തി പ്രദേശങ്ങളായ വെട്ട്റോഡ്, മരുതൂർ, വഴയില, കുണ്ടമൻകടവ്, പ്രവാച്ചമ്പലം, ചപ്പാത്ത് പാലം എന്നിവിടങ്ങളിലും കർശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടത്. വരും ദിവസങ്ങളിലും പരിശോധന കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. ലോക്ക്ഡൗൺ ലംഘനത്തിന് ഇന്നലെ ജില്ലയിൽ 6593 കേസുകൾ രജിസ്റ്റർ ചെയ്തു. 414പേരെ അറസ്റ്റു ചെയ്യുകയും 1390 വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു.