vld-1

വെള്ളറട: റോഡിലെ അപകടകരമായ കുഴി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഇടപെടലിൽ അടച്ചു. ആര്യങ്കോട് വെള്ളറട റോഡിൽ ഒറ്റശേഖരമംഗലത്തിനും ആര്യങ്കോടിനും ഇടയ്ക്ക് മൈലച്ചലിലേക്കുള്ള റോഡ് ആരംഭിക്കുന്നിടത്ത് പ്രധാന റോഡിലെ ടാറിനോടു ചേർന്ന ഭാഗത്തെ അപകടകരമായ കുഴി അടച്ചു തരാൻ നിരവധി വട്ടം പൊതുമരാമത്ത് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായി ജോലി ചെയ്യുന്ന ആര്യങ്കോട് വലിയ വിളപ്പുറം സ്വദേശി സുബീഷ് പൊതുമരാമത്തിന്റെ വെബ്സൈറ്റിൽ പത്തു മാസങ്ങൾക്കു മുൻപ് പരാതിപെട്ടിരുന്നു. എന്നാൽ നടപടി സ്വീകരിക്കാൻ അവർ തയ്യാറായില്ല. ഒരാഴ്ച മുൻപ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് വിവരം കാണിച്ച് സുബീഷ് പരാതി മെയിൽ ചെയ്തിരുന്നു. പരാതി ശ്രദ്ധയിൽപ്പെട്ട മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അടിയന്തിര നടപടി അവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അപകടകരമായ കഴികൾ അടച്ച് ഗതാഗത യോഗ്യമാക്കി. അപ്രതീക്ഷിതമായി തൊഴിലാളികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അപകടകരമായ കുഴികൾ അടച്ചു.