ആറ്റിങ്ങൽ: ആറ്റിങ്ങലിലെ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. പട്ടം പ്ലാമൂട് പൂച്ചെടിവിള വീട്ടിൽ കുട്ടൻ എന്ന് വിളിക്കുന്ന നിഖിലാണ് (21) പിടിയിലായത്. കഴിഞ്ഞ ആഴ്ച ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ മൊബൈൽ ഷോപ്പിൽ ഉൾപ്പെടെ നാല് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നിരുന്നു. അതേ ദിവസം രാത്രി കല്ലമ്പലത്തും കൊല്ലം ജില്ലയിലെ ചാത്തന്നൂരിലും മോഷണം നടന്നു. ഇതെല്ലാം നടത്തിയത് നിഖിലും കൂട്ടാളിയും ചേർന്നാണെന്ന് പൊലീസ് പറഞ്ഞു. ഒറ്റ രാത്രിയിൽ പത്ത് വ്യാപാര സ്ഥാപനങ്ങളിലാണ് ഇവർ മോഷണം നടത്തിയത്. മോഷണമുതലായ മൊബൈൽ ഫോണുകൾ നിഖിലിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. അടിപിടി, മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. ഇയാളുടെ കൂട്ടാളി ഒളിവിലാണ്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
ആറ്റിങ്ങൽ പൊലീസ് സ്റ്റേഷന് സമീപത്താണ് മോഷണപരമ്പര അരങ്ങേറിയത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്. സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം റൂറൽ പൊലീസ് മേധാവി പി.കെ. മധുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ആറ്റിങ്ങൽ സി.ഐ ഡി. മിഥുൻ, എസ്.ഐമാരായ പി.ആർ. രാഹുൽ, ബി. ബിനിമോൾ, ശ്രീകുമാർ, ഷാഡോ എസ്.ഐ എം. ഫിറോസ് ഖാൻ, എ.എസ്.ഐമാരായ ദിലീപ്, ആർ.ബിജുകുമാർ, സി.പി.ഒമാരായ അനൂപ്, സുനിൽരാജ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.