വെള്ളറട: ജ്യേഷ്ഠനെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അനുജൻ അറസ്റ്റിൽ. വാഴിച്ചൽ പേരേക്കോണം കൈതക്കുഴി കോളനിയിൽ മോഹനൻ( 55 )ആണ് അറസ്റ്റിലായത്. ജ്യേഷ്ഠൻ ചന്ദ്രനെ മണ്ണെണ്ണയൊഴിച്ച് തീകത്തിച്ച ശേഷം വെള്ളിയാഴ്ച പുലർച്ചെ മോഹനൻ ഒളിവിൽ പോയിരുന്നു. ചന്ദ്രൻ ആശുപത്രിയിലാണ്. സൈബർസെല്ലിന്റെ സഹായത്തോടെ ആര്യങ്കോട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആനക്കുഴിയിൽ ആളൊഴിഞ്ഞവീട്ടിൽ ഒളിവിൽ കഴിയവെയാണ് ആര്യങ്കോട് സി.ഐ എം. ശ്രീകുമാരൻ നായർ എസ്. ഐ ജി. എസ് സജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് മോഹനനെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.