തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായി ഒറവങ്കര അച്യുതഭാരതി സ്വാമികൾ അവരോധിക്കപ്പെട്ടു. തൃശൂർ നടുവിൽ മഠത്തിലെ സന്യാസി ശ്രേഷ്ഠനാണ് അച്യുതഭാരതി സ്വാമികൾ. ശ്രീപദ്മനാഭ സ്വാമി ഷേത്രത്തിലെ പുതിയ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ ഇന്നലെ പുലർച്ചെയാണ് നടന്നത്.തൃശൂർ നടുവിൽ മഠത്തിലെ ഒറവങ്കര അച്യുതഭാരതി സ്വാമികളെ പടിഞ്ഞാറേക്കോട്ടയിലെ വില്വമംഗല സ്വാമി ക്ഷേത്രത്തിൽ നിന്ന് ആചാരപൂർവം ദേവ വാദ്യങ്ങളോടെ പദ്മനാഭ സ്വാമി ക്ഷേത്രത്തലേക്ക് സ്വീകരിച്ചു. പോറ്റിമാരായ കൊല്ലൂർ അത്തിയറമഠം കൃഷ്ണരരു, വഞ്ചിയൂർ അത്തിയറമഠം രാമരരു, നെയ്തശേരിമഠം മനോജ്, കൂപക്കരമഠം സജ്ഞയ്കുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്രത്തിൽ നിത്യവും 28നക്ഷത്രങ്ങൾക്കും പദ്മനാഭ പാദങ്ങളിൽ പുഷ്പാജ്ഞലി സ്വാമിയാരാണ് അർച്ചന നടത്തുക. ക്ഷേത്രത്തിലെ നമ്പിമാരുടെ സ്ഥാനാരോഹണം, ഉത്സവ അനുജ്ഞ എന്നിവയ്ക്കും പുഷ്പാഞ്ജലി സ്വാമിയാരാണ് മുഖ്യകാർമ്മികൻ.എക്സിക്യൂട്ടീവ് ഓഫീസർ ബി. സുരേഷ്‌കുമാർ, ഭരണ സമിതി അംഗങ്ങളായ പ്രൊഫ. പി.കെ. മാധവൻ നായർ, മാനേജർ ബി. ശ്രീകുമാർ, അസി. ശ്രീകാര്യം ഗോപകുമാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.