തിരുവനന്തപുരം: കുടുംബശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ലാപ്‌ടോപ്, ടാബ്ലറ്റ് എന്നിവ വാങ്ങിയതിന്റെ ബില്ലോ ഇൻവോയ്സോ ഹാജരാക്കിയാൽ കെ.എസ്.എഫ്.ഇ 20,000 രൂപ വരെ വായ്പ അനുവദിക്കും.
പ്രതിമാസം 500 രൂപ വീതം 40 തവണകളായി തിരിച്ചടയ്ക്കണം.
കുടുംബശ്രീയുടെ വിദ്യാശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസം 500 രൂപ തിരിച്ചടവിൽ 15,000 രൂപയുടെ ലാപ്‌ടോപ്പുകൾ അനുവദിക്കുമെന്ന് കെ.എസ്.എഫ്.ഇ പ്രഖ്യാപിച്ചിരുന്നെങ്കിലും കമ്പനികൾ സമയബന്ധിതമായി ഓർഡറുകൾ ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് പുതിയ തീരുമാനം.
വീഴ്ചവരുത്തിയ കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടറെ ചുമതലപ്പെടുത്തി.
നിലവിൽ ഓർഡർ നൽകിയിട്ടുള്ളവർക്ക് എച്ച്. പി, ലെനോവോ കമ്പനികളുടെ ലാപ്‌ടോപ്പുകൾ തന്നെ വേണമെന്നുണ്ടെങ്കിൽ കമ്പനികൾ ലഭ്യമാക്കുന്ന മുറയ്ക്ക് അവ നൽകും.