തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്ന മുറിയിൽ തീപിടിത്തമുണ്ടായി. ഞായാറാഴ്ച രാവിലെ പതിനൊന്നോടെ ഭൂമിക്ക് അടിയിലുള്ള നിലയിലാണ് തീ പടരുന്നത് കണ്ടത്. ഉടൻ തന്നെ നിയമസഭാ മന്ദിരത്തിലുണ്ടായിരുന്ന അഗ്നിരക്ഷാസേനാംഗങ്ങളും സുരക്ഷാ ജീവനക്കാരും ചേർന്ന് തീകെടുത്തുകയായിരുന്നു. തീ നിയന്ത്രിക്കാൻ സാധിച്ചെങ്കിലും ഈ നിലയിൽ മുഴവൻ പുക നിറഞ്ഞതോടെ അഗ്നിരക്ഷാസേന പുക പുറത്തേക്ക് അടിച്ചുകളയുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എയർകണ്ടീഷന്റെയും മറ്റ് ഉപകരണങ്ങളുടേയും യു.പി.എസും സ്റ്റെബിലൈസറുകളുമാണ് തീപിടിത്തമുണ്ടായ മുറിയിലുണ്ടായിരുന്നത്. രണ്ട് സെറ്റെബിലൈസറുകളും കേബിളുകളും കത്തി നശിച്ചു. തീപിടിത്തം നടന്ന സ്ഥലം പിന്നീട് സ്‌പീക്കർ എം.ബി. രാജേഷ് സന്ദർശിച്ചു.