തിരുവനന്തപുരം: രജിസ്‌ട്രേഷൻ വകുപ്പിൽ സബ് രജിസ്ട്രാർമാരുടെ സ്ഥലം മാറ്റത്തിൽ ക്രമക്കേടും സ്വജനപക്ഷപാതവുമെന്ന് ആക്ഷേപം. ജൂനിയർ സൂപ്രണ്ടുമാരുടെ പ്രെമോഷൻ ലിസ്റ്റിലുള്ള 15,16, 20 ക്രമ നമ്പരുകാരെ മറികടന്ന് 26ാം നമ്പറുകാരിയായ ജൂനിയർ സൂപ്രണ്ടിന് സ്ഥാനകയറ്റം നൽകി സീനിയർ സൂപ്രണ്ടാക്കി അതേ ഓഫീസിൽ തന്നെ നിയമിക്കാൻ ഉത്തരവിറക്കിയെന്നാണ് പരാതി.വഞ്ചിയൂർ രജിസ്ട്രേഷൻ ഇൻപെക്ടർ ജനറലിന്റെ ഓഫീസിൽ യൂണിയൻ നേതാക്കളുടെ ഇടപെടലിലാണ് ക്രമക്കേട് നടക്കുന്നതെന്നാണ് ആരോപണം. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലിന്റെ ഉത്തരവ് 24നാണ് ഇറങ്ങിയത്. അതേസമയം വിരമിക്കാൻ പത്തുമാസം മാത്രം ബാക്കിയുള്ള സബ് രജിസ്ട്രാറെ സ്ഥലം മാറ്റിയാണ് പുതിയ നിയമനമെന്ന പരാതിയും ഉയർന്നിട്ടുണ്ട്. വിരമിക്കാൻ ഒരുവർഷം മാത്രമുള്ള ജീവനക്കാരനെ സ്ഥലംമാറ്റരുതെന്ന ചട്ടം നിലനിൽക്കെയാണ് അസാധാരണ നടപടി. ഇതിനൊപ്പം ഇതേ ഓഫീസിൽ അഞ്ചുവർഷം പൂർത്തിയാക്കിയ 5 സീനിയർ സൂപ്രണ്ടുമാരെ സ്ഥലം മാറ്റാതെയാണ് പുതിയ ക്രമീകരണങ്ങൾ നടത്തിയതെന്നുമാണ് വിവരം. യൂണിയൻ നേതാക്കൾക്ക് ഉദ്യോഗസ്ഥ തലത്തിലുള്ള സ്വാധീനത്തിലാണ് ഇവരുടെ സ്ഥലമാറ്റം നടക്കാത്തതെന്നുമാണ് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.