1

പൂവാർ: മത്സ്യ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ആരംഭിച്ച പൂവാർ മത്സ്യഭവൻ പുനഃർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മത്സ്യ തൊഴിലാളി ക്ഷേമനിധി, മത്സ്യഫെഡ്, ഫിഷറീസ് തുടങ്ങിയ ഓഫീസുകളുടെ പ്രവർത്തനം ഏകോപിപ്പിച്ചിരിക്കുന്നത് ഇവിടെയാണ്. സ്ഥലപരിമിതിയാണ് മത്സ്യഭവനിലെ ഏറ്റവും വലിയ പ്രശ്നം. ദിവസവും നൂറ് കണക്കിന് മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടെ വന്നുപോകുന്നത്. എന്നാൽ ജീവനക്കാർക്ക് പോലും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ട സൗകര്യം ഇവിടെ ഇല്ല. ജീവനക്കാർ പലപ്പോഴും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നത് സമീപത്തെ വീടുകളെ ആശ്രയിച്ചാണെന്ന് അവർ പറഞ്ഞു. കെട്ടിടം പൂർണമായും ജീർണിച്ച അവസ്ഥയിലാണ്. ടോയ്ലെറ്റ് പൊട്ടി പൊളിഞ്ഞ് പോയതിനാലും വെള്ളം ഇല്ലാത്തതിനാലും ഉപയോഗ ശൂന്യമായ ഫർണിച്ചറുകളും മറ്റും വാരിയിട്ട് പൂട്ടി. ഇത് തുറക്കാതായിട്ട് വർഷങ്ങളായി. കെട്ടിടത്തിന്റെ മേൽക്കൂര മഴക്കാലത്ത് ചോർന്നൊലിക്കുകയും ഫയലുകളും മറ്റും മഴവെള്ളം വീണ് നശിച്ചുപോകാറുമുണ്ടെന്ന് ജീവനക്കാർ പറയുന്നു.

1986-ൽ മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് നിലവിൽ വന്നതോടുകൂടിയാണ് തീരമേഖലയിൽ മത്സ്യഭവനുകൾ പ്രവർത്തനം ആരംഭിച്ചത്. അത്തരത്തിൽ തുടക്കം കുറിച്ച കേരളത്തിലെ ആദ്യ മത്സ്യഭവനാണ് പൂവാറിലേത്. 2005 ൽ പൂവാർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നൽകിയ കെട്ടിടത്തിന്റെ മുകൾഭാഗം ഇപ്പോഴും ഉപയോഗശൂന്യമാണ്.

ക്ഷേമനിധി ഓഫീസ്

കുളത്തൂർ, പൂവാർ ഗ്രാമ പഞ്ചായത്തുകളിലെ തീരപ്രദേശം ഉൾപ്പെടുന്ന പൊഴിയൂർ, പൂവാർ മത്സ്യ ഗ്രാമങ്ങൾ ചേർന്നതാണ് പൂവാർ ക്ഷേമനിധി ഓഫീസിന്റെ പ്രവർത്തന മേഖല. അതായത് കൊല്ലങ്കോട് മുതൽ കൊച്ചുതുറ വരെ. ക്ഷേമനിധി ആനുകൂല്യങ്ങൾ കൈപ്പറ്റാൻ, അംശാദായം അടക്കാൻ, പുതിയ അപേക്ഷകൾ സമർപ്പിക്കാൻ, അന്വേഷണത്തിന് ശേഷം അപേക്ഷയിലെ തിരുത്തലുകൾ എന്നിവയ്ക്കാണ് ആൾക്കാർ ദിനവും ഇവിടേക്ക് എത്തുന്നത്. ഓഫീസിന്റെ പരിമിതികാരണവും ജീവനക്കാരുടെ അഭാവം കാരണവും രാവിലെ എത്തുന്നവർ വൈകുന്നേരമാകുമ്പോഴാണ് തിരികെ പോകുന്നത്. പുതിയ അപേക്ഷകൾ ക്ഷണിക്കുമ്പോൾ തിരക്ക് പതിന്മമടങ്ങ് വർദ്ധിക്കാറുമുണ്ട്.

മത്സ്യഫെഡ്

മത്സ്യമേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ അപ്പക്സ് ഫെഡറേഷനാണ് മത്സ്യഫെഡ്. മത്സ്യ തൊഴിലാളികളുടെ സാമൂഹ്യവും സാമ്പത്തികവുമായ ഉയർച്ചയാണ് ഇതിന്റെ ലക്ഷ്യം. മണ്ണെണ്ണയുടെ പെർമിറ്റ്, മത്സ്യ തൊഴിലാളി ഇൻഷ്വറൻസ്, വെക്തിഗത ലോൺ, ഗ്രൂപ്പ് ലോൺ, വ്യാപാര ലോൺ തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്യുന്നത് മത്സ്യഫെഡ് ഓഫീസ് വഴിയാണ്. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രണ്ട് മോൾട്ടിവേറ്റർമാരാണ് ഈ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. പൊഴിയൂർ മുതൽ കരുംകുളം വരെയാണ് ഇവരുടെ പ്രവർത്തതന മേഖല.

ഫിഷറീസ് ഓഫീസ്

തീരദേശത്ത് ദുരന്തങ്ങളും ദുരിതങ്ങളുമുണ്ടാകുമ്പോൾ സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് മത്സ്യതൊഴിലാളികളുടെ മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, ഭവന നിർമ്മാണം, മത്സ്യ ബന്ധനയാനങ്ങൾക്കുള്ള സൗജന്യങ്ങൾ തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ഇതുവഴിയാണ് വിതരണം ചെയ്യപ്പെടുന്നത്. കൂടാതെ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് നടപ്പാക്കി വരുന്ന ഉൾനാടൻ മത്സ്യ കൃഷി നടത്തുന്നവരും സേവനങ്ങൾക്കായി ഇവിടെ എത്താറുണ്ട്.

പ്രവർത്തി ദിവസക്കളിൽ ഓഫീസും പരിസരവും നല്ല തിരക്കാണ്. ആയതിനാൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു മത്സ്യഭവൻ പൂവാറിൽ വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.