1

ശ്രീകാര്യം: ഐ.ടി നഗരമായ കഴക്കൂട്ടത്തെ പൊതുമരാമത്ത് ഓഫീസിൽ അസിസ്റ്റന്റ് എൻജിനീയറില്ലാതെയായിട്ട് രണ്ടുമാസം. കോടികളുടെ മരാമത്ത് പണികൾ നടക്കുന്ന ഇവിടെ ഒഴിവ് ഇനിയും നികത്തിയിട്ടില്ല. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം കഴക്കൂട്ടം സെക്ഷൻ ഓഫീസിനാണ് ഈ അവസ്ഥ. നിരവധി മരാമത്ത് ജോലികൾക്ക് കാലതാമസമുണ്ടാകുന്നെന്നാണ് പരാതി. മേയ് 31ന് നിലവിലെ അസിസ്റ്റന്റ് എൻജിനീയർ റിട്ടയർ ചെയ്‌തതോടെ തിരുവനന്തപുരം കന്റോൺമെന്റ് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർക്ക് കഴക്കൂട്ടം സെക്ഷൻ ഓഫീസിന്റെ അധിക ചുമതല നൽകുകയായിരുന്നു. കഴക്കൂട്ടം സെക്ഷനിൽ ഇപ്പോൾ മൂന്ന് ഓവർസിയർമാരാണ് റോഡ് നിർമ്മാണ പുരോഗതികളും മറ്റും വിലയിരുത്തുന്നത്.
അടുത്ത പ്രൊമോഷൻ ലിസ്റ്റ് ഇറങ്ങിയാൽ മാത്രമേ ഓഫീസിൽ പുതിയ അസിസ്റ്റന്റ് എൻജിനീയറെ പോസ്റ്റ് ചെയ്യൂ എന്നാണ് അധികൃതരുടെ വാദം. പൊതുമരാമത്ത് കഴക്കൂട്ടം റോഡ്‌സ് വിഭാഗത്തിനൊപ്പം മരാമത്ത് വിഭാഗം ബിൽഡിംഗ് സെക്ഷൻ കൂടി പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യത്തെ തുടർന്ന് അതിനായി പ്രത്യേക ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് ഏറെനാൾ കഴിഞ്ഞിട്ടും വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ ലഭിച്ചില്ലെന്ന ന്യായംപറഞ്ഞ് അതും അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയാണെന്നും ആക്ഷേപമുണ്ട്.

ജോലികൾ നിരവധി

-----------------------------------

കഴിഞ്ഞ അഞ്ചുവർഷമായി പൊതുമരാമത്ത് റോഡുകളുടെ വീതികൂട്ടലും നവീകരണവുമായി ഭാരിച്ച ജോലികളാണ് ഇവർക്കുള്ളത്. ഒരു ഓഫീസ് ക്ലാർക്കും ഒരു ഓഫീസ് അസിസ്റ്റന്റും രണ്ട് ദിവസ വേതനക്കാരും ഒരു സ്വീപ്പറുമാണ് ജീവനക്കാരായുള്ളത്. ദിവസ വേതനക്കാരായ രണ്ടുപേർ മുരുക്കുംപുഴ, കഠിനംകുളം കായലിലെ കടത്തുവള്ളം തുഴയുന്ന ജീവനക്കാരാണ്. മുഴുവൻ സമയ ചുമതലയുള്ള ഒരു അസിസ്റ്റന്റ് എൻജിനീയറെ നിയമിച്ചാൽ മാത്രമേ ജോലികൾ ചെയ്തുതീർക്കാനും മരാമത്ത് പണികളിൽ ഫലപ്രദമായി ഇടപെടാനും കഴിയൂ.

സെക്ഷന് കീഴിലെ പഞ്ചായത്തുകൾ

-------------------------------------------------------
കഠിനംകുളം, മംഗലപുരം, പോത്തൻകോട്, അണ്ടൂർക്കോണം,

കഴക്കൂട്ടം, ശ്രീകാര്യം, ആറ്റിപ്ര എന്നീ പ്രദേശങ്ങൾ

റോഡിന്റെ വിസ്‌തൃതി - 185 കിലോമീറ്റർ

ഓവർസിയർമാർ -3

നടപടി ഉടനെന്ന് പ്രതീക്ഷ

------------------------------------------

സർക്കാർ നടപ്പിലാക്കിവരുന്ന റോഡ് നവീകരണം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ട മരാമത്ത് സെക്ഷൻ ഒാഫീസ് മേധാവിയുടെ അഭാവം വികസന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. അസിസ്റ്റന്റ് എൻജിനീയറെ ഉടൻ നിയമിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.


ശ്രീകാര്യം അനിൽ (സി.പി.എം

കഴക്കൂട്ടം ഏരിയാ സെക്രട്ടറി) -