കോവളം: വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗിന് പോയ ടഗ് കടൽക്ഷോഭത്തിൽപ്പെട്ട് കപ്പലിൽ ഇടിച്ചു. ജീവനക്കാർ കടലിൽ വീഴാതെയും പരിക്കേൽക്കാതെയും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ടഗിന്റെ വശങ്ങളും ലൈഫ് റാഫ്റ്റും തകർന്നു. തുറമുഖ വകുപ്പിലെ രണ്ട് ജീവനക്കാരും ടഗിലെ ജീവനക്കാരുമാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

അദാനി പോർട്ടിന്റെ ടോയിൻ ബാർജായ സാഗർ ത്രീ ടഗാണ് അപകടത്തിൽപ്പെട്ടത്. കടലിൽ നങ്കൂരമിട്ടിരുന്ന എം.പി.ദി ക്രാഫ്​റ്റ് എന്ന കപ്പലിലെ ജീവനക്കാരെ ഇറക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കപ്പലിനടുത്ത് എത്തിച്ച ടഗിനെ ജീവനക്കാർ കൂ​റ്റൻ വടം കൊണ്ട് കപ്പലിൽ ബന്ധിച്ച് നിറുത്തിയെങ്കിലും ശക്തമായ കടൽക്ഷോഭത്തിൽ വടം തകർന്ന് ടഗ് കപ്പലിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
കൂടുതൽ വടമുപയോഗിച്ച് ഏറെ സാഹസപ്പെട്ട് ബന്ധിച്ച് നിറുത്തിയ സാഗർ ത്രീയിൽ തന്നെ കപ്പൽ ജീവനക്കാരെ സുരക്ഷിതമായി തുറമുഖ വാർഫിൽ എത്തിച്ച ശേഷമാണ് ടഗ് പിൻവാങ്ങിയത്.