തിരുവനന്തപുരം: ആക്ടീവ സ്കൂട്ടറിനെ കാറിൽ പിന്തുടർന്ന സംഘം സ്കൂട്ടറിനെ ഇടിച്ചിട്ടശേഷം സ്കൂട്ടർ യാത്രികനെ ബലംപ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി. ഇന്നലെ വൈകുന്നേരം മാറനല്ലൂരിലെ മണ്ണടക്കോണം ഗ്യാസ് ഗോഡൗണിന് സമീപത്തായിരുന്നു സംഭവം. കാട്ടാക്കട നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് വന്ന സ്‌കൂട്ടറിനെ പിന്തുടർന്നെത്തിയ ചുവന്ന ഷെവർലറ്റ് കാറിലുള്ളവരാണ് സ്‌കൂട്ടർ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയത്. ഇടിയുടെ ശബ്ദവും ബഹളവും കേട്ടെത്തിയ നാട്ടുകാർ ദുരൂഹത തോന്നി വാഹനങ്ങളുടെ നമ്പർ കുറിച്ച ശേഷം മാറനല്ലൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും പരിക്കേറ്റയാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കണ്ടെത്താനായില്ല. എന്നാൽ ചിങ്ങവനം സ്വദേശിനിയാണ് വാഹനയുടമയെന്ന് സ്‌കൂട്ടറിന്റെ നമ്പർ പരശോധിച്ചതിൽ നിന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നെയ്യാർഡാം സ്വദേശി സൈമണിന്റെ മകൻ ഷാജിയാണ് സ്‌കൂട്ടർ ഓടിച്ചിരുന്നതെന്ന് മനസിലായി. വധശ്രമം ഉൾപ്പെടെ പല കേസുകളിലും പ്രതിയാണ് ഇയാളെന്നാണ് പ്രാഥമിക വിവരം. സ്കൂട്ടർ യാത്രികനെയോ കാറിലെത്തിയവരെയോ ഇതുവരെ കണ്ടെത്താനായിട്ടില്ല.