sajeer

കിളിമാനൂർ:തോട്ടക്കാട് ഗവൺമെന്റ് എൽ.പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കായി താലോലം പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സജീർ രാജകുമാരി നിർവഹിച്ചു.വാർഡ് മെമ്പർ ബിജു അദ്ധ്യക്ഷത വഹിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പ് സർവശിക്ഷാ കേരളയുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി കുട്ടികൾക്കായി പഠനോപകരണങ്ങളും കളിക്കോപ്പുകളും ഉൾപ്പെടുത്തിയാണ് താലോലം പദ്ധതിയിലൂടെ ക്ലാസ് മുറികൾ ഒരുക്കുന്നത്.ഉദ്ഘാടന ചടങ്ങിൽ കിളിമാനൂർ ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ വി.ആർ.സാബു മുഖ്യപ്രഭാഷണം നടത്തി.ബി.ആർ.സി ട്രെയിനർ വിനോദ് വെള്ളല്ലൂർ പദ്ധതി വിശദീകരണം നടത്തി. കരവാരം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. മധുസൂദനക്കുറുപ്പ്,മുൻപ്രഥമ അദ്ധ്യാപകരായ വേണുഗോപാൽ,ജയശ്രീ,ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ഷീബ,എ.പി.ജെ ഫൗണ്ടേഷൻ ചെയർമാൻ നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ പ്രഥമ അദ്ധ്യാപിക ഷമീന എം.എൽ സ്വാഗതവും, പ്രീ-പ്രൈമറി അദ്ധ്യാപിക ലിജി നന്ദിയും പറഞ്ഞു.പദ്ധതിയുടെ ഭാഗമായി ചുമർ ചിത്രങ്ങൾ വരച്ച ചിത്രകലാ അദ്ധ്യാപകരായ ബി.കെ ജയപ്രകാശ്,ഹരിലാൽ എന്നിവരെ ആദരിച്ചു.