തിരുവനന്തപുരം:രാജ്യത്ത് ഏറ്റവും കൂടുതൽ വാക്‌സിൻ നൽകിയ സംസ്ഥാനം കേരളമാണെന്നും, എന്നാൽ കേന്ദ്രത്തിന്റെ സമീപനംമൂലം അടുത്ത മാസം കേരളത്തിൽ വാക്‌സിൻ നൽകൽ കുഴപ്പത്തിലാകുമെന്നും മന്ത്രി വീണാജോർജ് നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ കെട്ടിക്കിടക്കുന്നുവെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും സനീഷ്‌കുമാർ ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. അടുത്ത മാസം കേരളത്തിന് 60 ലക്ഷം ഡോസ് വാക്‌സിനാണ് വേണ്ടത്. എന്നാൽ 30 ലക്ഷം ഡോസ് മാത്രമേ നൽകൂവെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. 22 ലക്ഷം പേർക്ക് രണ്ടാം ഡോസാണ് നൽകേണ്ടത്. അപ്പോൾ എട്ടു ലക്ഷം പേർക്ക് മാത്രമേ ഒന്നാം ഡോസ് വാക്‌സിൻ നൽകാനാകൂ. കേരളത്തിൽ 3.5 കോടി ജനസംഖ്യയുള്ളതിൽ 1.29 കോടിയിലേറെ പേർക്ക് ഒന്നാം ഡോസും 56.21 ലക്ഷം പേർക്ക് രണ്ടാം ഡോസും വാക്‌സിൻ നൽകിയിട്ടുണ്ട്. ശതമാനക്കണക്കിൽ ഇത് യഥാക്രമം 36.95 ഉം, 16.01 ഉം ആണ്. ദേശീയ ശരാശരിയെക്കാൾ വളരെ കൂടുതലാണിത്. രണ്ടാം ഡോസിൽ കേന്ദ്ര ശരാശരിയുടെ ഇരട്ടിയാണെന്നും മന്ത്രി പറഞ്ഞു.