മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ പി.സി. ജയശ്രീയെ തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഒ.എസ്. അംബിക എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. മണികണ്ഠൻ ജയശ്രീയുടെ പേര് നിർദേശിക്കുകയും ശ്രീകല പിന്താങ്ങുകയും ചെയ്തു. മറ്റ് പേരുകൾ നിർദേശിക്കപ്പെട്ടില്ല. പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്ന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ഫിറോസ് ലാൽ, ബി.ഡി.ഒ ലെനിൻ തുടങ്ങിയവർ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനറൽ വനിതാവിഭാഗത്തിനാണ്. നിലവിലുള്ള ഭരണ സമിതിയിൽ സി.പി.എമ്മിന് പത്തും, സി.പി.ഐ, ജനതാദൾ-എസ്,കോൺഗ്രസ് എന്നിവർക്ക് ഓരോസീറ്റുകളുമാണുള്ളത്. ബ്ലോക്ക് പഞ്ചായത്ത് വളക്കാട് ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജയശ്രീ, നേരത്തെ മുദാക്കൽ ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്നു. സി.പി.എം മുദാക്കൽ ലോക്കൽ കമ്മിറ്റി അംഗമായ ഇവർ ജനാധിപത്യ മഹിളാ അസോസിയേഷൻ ആറ്റിങ്ങൽ ഏരിയാ വൈസ് പ്രസിഡന്റും ഇ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഏരിയാ കമ്മിറ്റി അംഗവുമാണ്.