തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കൽ കേസിൽ കുറ്റക്കാർക്കെതിരെ പഞ്ച് നടപടികളുണ്ടാകുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. സംഭവം പുറത്തുവന്ന് മാസങ്ങൾ പിന്നിടുമ്പോഴും പഞ്ച് ഡയലോഗ് മാത്രം പറയുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്ന് അൻവർ സാദത്ത് പരിഹസിച്ചപ്പോഴാണ് മന്ത്രിയുടെ മറുപടി. പ്രതികളെ സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു. കളക്ടർമാരുടെയും വനം വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല നൽകിയത്. 16 കോടിയുടെ മരങ്ങൾ നഷ്ടപ്പെട്ടതിൽ പത്തുകോടിയുടെ മരങ്ങളും പിടിച്ചെടുത്തു. സർക്കാരിന് ഒരു രൂപപോലും നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. കേസിലെ പ്രതികൾ മുൻ മന്ത്രിമാരെയും ഇപ്പോഴത്തെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണ്ടിട്ടില്ല. മലയോര കർഷകർ നട്ടുവളർത്തിയ മരങ്ങൾ അടിയന്തരാവശ്യങ്ങൾക്ക് മുറിച്ച് വിൽക്കാൻ അനുവദിക്കണമെന്ന ആവശ്യം സർക്കാർ അനുഭാവത്തോടെ പരിഗണിച്ചാണ് ഉത്തരവിറക്കിയത്. എന്നാൽ ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചത് വയനാട് ജില്ലാ കളക്ടർ മാത്രമാണ്. ഇതിന് മുമ്പുതന്നെ മുൻ റവന്യൂ മന്ത്രി ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമ വകുപ്പിന് കത്ത് നൽകിയിരുന്നു. ഈ ഉത്തരവിനെതിരെ വേറെ ഒരു ആശങ്കയും രേഖപ്പെടുത്തിയതായി ഫയലിൽ കാണാനില്ല. ഉത്തരവിറക്കിയതുമായി ബന്ധപ്പെട്ട് വനം, റവന്യു വകുപ്പുകൾ തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു.