തിരുവനന്തപുരം: കേരളത്തിലെ ഒൻപത് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് എട്ടു മുതൽ 10 സീറ്റ് വരെയുള്ള ഒറ്റ എൻജിൻ വിമാനങ്ങൾ (എയർ വാൻ) ഉപയോഗിച്ച് ചെറു വിമാന സർവീസുകൾ നടത്തുന്നതിനുള്ള എയർ സ്ട്രിപ്പ് പദ്ധതിയാണ് ടൂറിസം വകുപ്പ് വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു.
മംഗലാപുരത്തും കണ്ണൂരും വിമാനത്താവളങ്ങളുള്ളതിനാലും, പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്ന ഭൂമി കുന്നിൻമുകളിലായതിനാലും പൂർണതോതിലുള്ള വിമാനത്താവളം പ്രായോഗികമല്ലെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചതായി സി.എച്ച്. കുഞ്ഞമ്പുവിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
ആദ്യപടിയായി ബേക്കൽ, വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ പദ്ധതി നടപ്പിലാക്കും. ഇതിന് ഏകദേശം 1400 മീറ്റർ ദൈർഘ്യമുള്ള റൺവേ മതിയാകും. ഈ പദ്ധതിക്ക് കാസർകോട് ജില്ലയിലെ പെരിയ വില്ലേജിൽ 80 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 54 ഏക്കർ സർക്കാർ ഭൂമിയും 26 ഏക്കർ സ്വകാര്യ ഭൂമിയുമാണ്. പദ്ധതിയുടെ പ്രായോഗിക വശങ്ങൾ പരിശോധിക്കാൻ നിയോഗിച്ച ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ബേക്കലിൽ തിരഞ്ഞെടുത്ത ഭൂമി പര്യാപ്തമാണോ എന്നതു സംബന്ധിച്ച റിപ്പോർട്ട് മഹീന്ദ്ര ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ആർ.ഡി.സിയെ എയർ സ്ട്രിപ്പ് പദ്ധതിയുടെ നോഡൽ ഏജൻസിയായി നിയമിക്കുന്ന കാര്യത്തിൽ ഗതാഗത വകുപ്പുമായി ചർച്ച നടത്തി തീരുമാനമെടുക്കും.