muhammed-riyas

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി വെട്ടിമുറിക്കുന്ന റോഡുകളിൽ സാങ്കേതിക മികവിലുള്ള അറ്റകുറ്റപ്പണികൾ ഉറപ്പാക്കാൻ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപനത്തിന് റൈറ്റ് ഒഫ് വേ പോർട്ടൽ വിപുലീകരിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഇതിന്റെ പ്രാഥമിക പരിശോധനകൾ നടന്നുകഴിഞ്ഞു. ദേശീയപാതയുടെ 70 ശതമാനത്തിന്റെ നിയന്ത്രണം ദേശീയപാത അതോറിട്ടിക്കാണ്. 30 ശതമാനം മാത്രമാണ് പൊതുമരാമത്തിന് നിയന്ത്രണമുള്ളത്. ഇതുമൂലം റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് ഒട്ടേറെ പ്രയാസം നേരിടുന്നു. ദേശീയപാത അതോറിട്ടിയുടെ അനുമതിയോടെ മാത്രമേ അറ്റകുറ്റപ്പണികൾ നടത്താനാകൂ. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്. മഴയിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ നിരത്ത് പരിപാലന വിഭാഗം രൂപീകരിച്ചു. കുതിരാനിലെ ആദ്യ തുരങ്കം അടുത്തമാസം തുറക്കും. ‌ കിഫ്ബി വഴിയുള്ള ആറായിരം കിലോമീറ്റർ റോഡുകളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായി. ശേഷിക്കുന്നവ ആറുമാസത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.